വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരേ നടപടി സ്വീകരിക്കണം; കാസയ്‌ക്കെതിരേ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പരാതി നല്‍കി

മതസ്പര്‍ധ ഉണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന കാസയ്ക്കും അവരുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിനും എതിരെയാണ് പരാതി

Update: 2022-05-12 10:48 GMT

തിരുവനന്തപുരം: വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന കാസയ്‌ക്കെതിരേ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പരാതി നല്‍കി. തിരുവനന്തപുരം കരമന പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. മതസ്പര്‍ധ ഉണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന കാസയ്ക്കും അവരുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിനും എതിരെ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ജനറല്‍ സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കരയാണ് പരാതി നല്‍കിയത്.

വര്‍ക്കല അയിരൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത ഒരു പ്രണയക്കേസ് ലൗ ജിഹാദാണെന്നും പാക്കിസ്ഥാന്‍ മോഡലാണെന്നും പരാമര്‍ശിച്ച് കാസ ഫേസ് ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. 'കോടഞ്ചേരിയിലെ വിവാഹത്തിന് ശേഷം പാക്കിസ്ഥാന്‍ മോഡല്‍ വീണ്ടും' എന്ന തലക്കെട്ടിലാണ് കാസയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഇത് പോസ്റ്റ് ചെയ്തത്. ലൗ ജിഹാദ് രണ്ടാം തരംഗമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. 


ഫേസ് ബുക്ക് പേജുണ്ടാക്കി അത് വഴി നുണയും വര്‍ഗീയപ്രചാരണവും നടത്തി വര്‍ഗീയ കലാപം ലക്ഷ്യം വയ്ക്കുന്ന ഒരു സംഘടിത ഗ്രൂപ്പ് മതേതര സമൂഹത്തില്‍ വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. ഹൈക്കോടതി തള്ളിക്കളഞ്ഞ വ്യാജ ലൗ ജിഹാദ് പ്രചരിപ്പിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിനെതിരേയും കാസയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ പൂര്‍ണ രൂപം

സര്‍,

'കാസ(ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) എന്ന സംഘടന ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ മതസ്പര്‍ധയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നത് നിരവധി തവണ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മെയ് ഒന്‍പതിന് വര്‍ക്കല അയിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രേമിച്ച പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ച് കൊണ്ടുപോയ സംഭവത്തെ ലൗ ജിഹാദായും പാക്കിസ്ഥാന്‍ മോഡലായും ചിത്രീകരിച്ച് കാസയുടെ ഫേസ് ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചിരുന്നു.

'കോടഞ്ചേരിയിലെ വിവാഹത്തിന് ശേഷം പാക്കിസ്ഥാന്‍ മോഡല്‍ വീണ്ടും' എന്ന തലക്കെട്ടിലാണ് കാസയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൗ ജിഹാദ് രണ്ടാം തരംഗമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

കോടഞ്ചേരിയിലേത് ഇരു സമുദായത്തിലുള്ളവര്‍ തമ്മിലുള്ള പ്രണയവിവാഹം മാത്രമാണെന്ന് അതുമായി ബന്ധപ്പെട്ട് വ്യക്തമായതാണ്. ആ സംഭവത്തെയും അയിരൂരില്‍ നടന്ന പ്രണയത്തെയും പാക്കിസ്ഥാന്‍ മോഡലെന്നാണ് കാസ അവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നത് എറണാകുളം സ്വദേശി കെവിന്‍ പീറ്റര്‍ പ്രസിഡന്റായുള്ള കാസ മതസ്പര്‍ദ്ധ വളര്‍ത്തുന്ന നിരവധി പോസ്റ്റുകള്‍ നിരന്തരം ഫേസ്ബുക്കില്‍ ഇടാറുണ്ട്.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന വ്യാജേന മുസ്‌ലിങ്ങള്‍ക്കെതിരേ യൂ ട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍വഴി നിരന്തരമായി മതേതര കേരളത്തിന് ഗുണകരമല്ലാത്ത രീതിയില്‍ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വര്‍ഗീയകലാപവും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും ലക്ഷ്യമിടുന്ന, ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നിരന്തരം നടത്തിവരുന്നത്. മുസ്‌ലിം യുവാക്കളേയും യുവതികളെയും പ്രതിക്കൂട്ടിലാക്കി 'ലവ് ജിഹാദ്' എന്ന നുണ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും അതിലൂടെ മുസ്‌ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. സുപ്രിംകോടതിയും ഹൈക്കോടതിയും വിവിധ സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളും തീര്‍പ്പുകല്‍പ്പിച്ച വിഷയമാണ് 'ലവ് ജിഹാദ്'.

പ്രസ്തുത സംഘടനയും അതിന്റെ ഭാരവാഹികളും ചെയ്യുന്നത് കോടതിയലക്ഷ്യവും മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കലുമാണ്. ഈ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ പരാമര്‍ശം നടത്തി, നിരന്തരം വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന കാസ എന്ന ഫേസ്ബുക്ക് പേജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'. 

Tags:    

Similar News