പൗരത്വ വേട്ടയാടല്‍: പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിക്കും; വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത നേതാക്കളെയും വിദ്യാര്‍ഥി പോരാളികളെയും വ്യാപകമായി അറസ്റ്റ് ചെയ്തും ജയിലിലടച്ചും പൗരത്വ പ്രക്ഷോഭത്തിന്റെ തുടര്‍ച്ച ഇല്ലാതാക്കാമെന്ന സംഘപരിവാറിന്റെ വ്യാജ ശ്രമത്തെ കൂടുതല്‍ കരുത്തോടെ നേരിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍. എം അന്‍സാരി ആവശ്യപ്പെട്ടു.
ഉമര്‍ ഖാലിദ്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ക്കെതിരെ ഡല്‍ഹി പോലിസ് നടത്തുന്ന നീക്കത്തിനെതിരേ തിരുവനന്തപുരം ജിപിഒ യിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ താല്‍പര്യത്തിന് എതിരെ നില്‍ക്കുന്നവരെ ഏതുവിധേനയും അടിച്ചമര്‍ത്താനുള്ള സംവിധാനമായി ഡല്‍ഹി പോലിസ് മാറിക്കഴിഞ്ഞു. സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഗുണ്ടാസംഘത്തെ പോലെയാണ് ഡല്‍ഹി പോലിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കള്ള സാക്ഷികളെ നിരത്തിയും വ്യാജ കേസുകള്‍ നിര്‍മിച്ചും മുന്നൂറോളം പൗരത്വ പ്രക്ഷോഭകരെയാണ് ഇതിനകം ബിജെപി സര്‍ക്കാര്‍ വേട്ടയാടിയത്.
കൊവിഡിന്റെ മറവില്‍ ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സംഘടന നേതാക്കളെ അടിച്ചമര്‍ത്താമെന്നത് മോദി സര്‍ക്കാറിന്റെ വ്യാമോഹമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്ന പൗരത്വ പ്രക്ഷോഭം കൂടുതല്‍ കരുത്തോടെ ഇന്ത്യന്‍ ജനത ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആദില്‍ അബ്ദുല്‍ റഹിം, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി ഷറഫുദ്ദീന്‍ കമലേശ്വരം, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ബിലാല്‍ വള്ളക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു. പാളയം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം ജിപിഒക്ക് മുന്നില്‍ പോലിസ് തടഞ്ഞു.