പൗരത്വ ബില്ല് ഭരണഘടയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനം; കോടതിയില്‍ തള്ളിപ്പോവുമെന്നും പി ചിദംബരം രാജ്യസഭയില്‍
ശ്രീലങ്കയില്‍ നിന്നുള്ള ഹിന്ദുക്കളും ഭൂട്ടാനില്‍ നിന്നുള്ള ക്രിസ്ത്യാനികളും പീഡനം അനുഭവിക്കുന്നവരാണ് അവര്‍ എന്തുകൊണ്ടാണ് ഒഴിവാക്കപ്പെടുന്നതെന്നും വിശദീകരിക്കേണ്ടതുണ്ട്.
ന്യൂഡല്‍ഹി: പുതിയ പൗരത്വ ബില്ല് തികച്ചും അപകടകരമാണെന്നും സര്‍ക്കാര്‍ അതുവഴി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണെന്നും പി ചിദംബരം. പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പൗരത്വ സങ്കല്‍പ്പം ഭരണഘടന വഴി സ്ഥാപിക്കപ്പെട്ടതാണ്. എന്നാല്‍ പുതിയ ബില്ല് പൗരത്വത്തിന് നിയമബാഹ്യമായ അര്‍ത്ഥമാണ് കല്‍പ്പിച്ചിരിക്കുന്നത്. മാത്രമല്ല, അത് അടിച്ചേല്‍പ്പിക്കപ്പെടുന്നതുമാണ്- ചിദംബരം സഭയെ ഓര്‍മിപ്പിച്ചു. സമത്വം, നിയമവിരുദ്ധമായ വര്‍ഗീകരണം, ഏകപക്ഷീയത തുടങ്ങിയ ഭരണഘടനാ തത്ത്വങ്ങളെ ബില്ല് ബലി കഴിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
ഭരണഘടനയുടെ അനുച്ഛേദം 14 ന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മതം, വര്‍ഗം, ഭാഷ, ലിംഗം തുടങ്ങിയവ വിവേചനത്തിന് കാരണമാവരുതെന്ന് അനുച്ഛേദം 14 അനുശാസിക്കുന്നു.
അറ്റോര്‍ണി ജനറലിനെ സഭ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഇത്തരമൊരു ബില്ലിനുള്ള നിയമോപദേശം ചെയ്തത് എന്നത് അന്വേഷിക്കണം. നിയമമന്ത്രാലയമാണോ? ആഭ്യന്തര മന്ത്രാലയമാണോ? അതോ അറ്റോര്‍ണി ജനറലോ? അത്തരം വിവരങ്ങളും പാര്‍ലമെന്റിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ പീഡനത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നവരില്‍ മതത്തെ മാത്രം എന്തുകൊണ്ട് ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം ചോദിച്ചു. ഭാഷയും രാഷ്ട്രീയവും ഒക്കെ പലായനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതും ഉള്‍പ്പെടേണ്ടതായിരുന്നില്ലെ എന്നും അദ്ദേഹം ആരാഞ്ഞു. ശ്രീലങ്കയില്‍ നിന്നുള്ള ഹിന്ദുക്കളും ഭൂട്ടാനില്‍ നിന്നുള്ള ക്രിസ്ത്യാനികളും പീഡനം അനുഭവിക്കുന്നവരാണ് അവര്‍ എന്തുകൊണ്ടാണ് ഒഴിവാക്കപ്പെടുന്നതെന്നും വിശദീകരിക്കേണ്ടതുണ്ട്.