പരാതി കിട്ടിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പറയുന്നത് പച്ചക്കള്ളം; കെഎസ്ആര്‍ടിസി ശമ്പളം വൈകുന്നതില്‍ ആക്ഷേപവുമായി സിഐടിയു

തൊഴിലാളികള്‍ സമരം തുടരുമ്പോള്‍ മന്ത്രി സ്വാഭാവികമായി ഇടപെടേണ്ടതാണ്

Update: 2022-04-17 08:54 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണത്തില്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയെന്ന് സിഐടിയു. പരാതി കിട്ടിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് പച്ചക്കള്ളമെന്നും കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി സന്തോഷ് കുമാര്‍ ആരോപിച്ചു.

മന്ത്രിയുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. പരാതി എത്തിയിട്ടില്ല എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പരാതി പറഞ്ഞിട്ടേ ഇടപെടു എന്നത് ശരിയായ നിലപാടല്ലെന്നും സമരം തുടരുമ്പോള്‍ സ്വാഭാവികമായി ഇടപെടല്‍ നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

25,000 ത്തോളം വരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് ആഘോഷമില്ലാത്ത ഈസ്റ്ററാണ്. 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും ജീവിക്കുന്നു. ഇതിനിടയില്‍ വിഷുവിനു കൈനീട്ടിയിട്ടും കൈ നീട്ടമായി ഒരു രൂപ പോലും തരാന്‍ മാനേജ്‌മെന്റിനായില്ല. തൊഴിലാളികള്‍ സമരം തുടരുമ്പോള്‍ മന്ത്രി സ്വാഭാവികമായി ഇടപെടേണ്ടതാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

നാളെ വൈകീട്ടോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് മാനേജ്‌മെന്റെന്റെ പുതിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറി. അത് ഉടനെ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറും. 

Tags:    

Similar News