ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക് അരസംഘി; വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ മന്ത്രി ഇട്ടിട്ടുപോകണമെന്നും കെഎസ് സുനില്‍കുമാര്‍
ചെയര്‍മാന് മീഡിയ മാനിയയാണെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി കെഎസ് സുനില്‍ കുമാര്‍
തിരുവനന്തപുരം: വൈദ്യുതി വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ മന്ത്രി ഇട്ടിട്ടു പോകണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎസ് സുനില്‍ കുമാര്‍. മുന്നണി മര്യാദ കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ജീവനക്കാരുടെ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനില്‍കുമാര്‍.
ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം തീര്‍ക്കാന്‍ മന്ത്രി ചര്‍ച്ചയ്ക്ക് തയാറാകാത്തതിനെത്തുടര്‍ന്നാണ് സി ഐടിയു നേതാവിന്റെ പരിഹാസം. രാവിലെ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയ മന്ത്രി സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്കില്ലെന്നും ബോര്‍ഡ് ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎസ് സുനില്‍ കുമാറിന്റെ വിമര്‍ശനം. പാലക്കാട്ട് ചിറ്റൂര് കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്.
ചെയര്‍മാന് എതിരേയും സിഐടിയു പരിഹാസം നടത്തി. ചില സംഘടനകളുടെ താത്പര്യത്തിനു വേണ്ടി നില്‍ക്കുന്ന അര സംഘിയാണ് കെ എസ്ഇബി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക്. ചെയര്‍മാന് മീഡിയ മാനിയയാണ്. ജാസ്മിന്‍ ബാനുവിനെതിരായ ചെയര്‍മാന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രിയുടെ അനുമതിയോടെയാണോ ചെയര്‍മാന്‍ മാധ്യമങ്ങളില്‍ തൊഴിലാളി വിരുദ്ധ പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി തയ്യാറാകണമെന്നും കെഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം, പിന്നീട് വിശദീകരണവുമായി സിഐടിയു രംഗത്തെത്തി. വകുപ്പ് ഭരിക്കുന്നത് ചെയര്‍മാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിക്ക് മുകളിലാണോ ചെയര്‍മാന്‍ എന്ന ആശങ്കയാണ് പങ്ക് വച്ചതെന്നും ഇട്ടിട്ടു പോകണമെന്ന് പറഞ്ഞിട്ടില്ലെന്നും സിഐടിയു വിശദീകരിക്കുന്നു.
ഭരണാനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണസമരവും തുടരുകയാണ്. സംഘടനാ ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹ സമരം തുടരുന്നത്. ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്.