സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസില്‍ വിവാദ ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട് സെഷന്‍സ് ജഡ്ജിയായിരുന്ന എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് സ്ഥലം മാറ്റിയത്.
എസ് മുരളീകൃഷ്ണനാണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സിവിക്കിനെതിരായ രണ്ടാം കേസിലെ പരാതിക്കാരി അതിക്രമം നടന്നെന്ന് ആരോപിച്ച സമയത്ത് പ്രകോപനപരമായ വസ്ത്രമാണ് ധരിച്ചതെന്നും ആദ്യ കേസില്‍ ഇര ആരോപിക്കുന്ന പട്ടികജാതി അതിക്രമ നിയമം പ്രതി ജാതി ചിന്തയില്ലാത്ത വ്യക്തിയായതിനാല്‍ നിലനില്‍ക്കില്ല എന്നുമുള്ള നിരീക്ഷണങ്ങള്‍ കൃഷ്ണകുമാര്‍ വിധിയില്‍ നടത്തിയിരുന്നു. വിധിക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
ഉത്തരവിലെ വിവാദപരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്.