ജോലി പിരിമുറുക്കം കുറയ്ക്കാന്‍ 'മരുന്ന്' മദ്യമോ; സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന് ബാര്‍ ലൈസന്‍സ്; അപമാനകരമെന്ന് വിഎം സുധീരന്‍

നേവി ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍, ഇനി മിലിറ്ററി ക്വോട്ട പോലെ തങ്ങള്‍ക്കു മദ്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും കത്തയച്ചു സുധീരന്‍

Update: 2021-06-11 08:03 GMT

തിരുവനന്തപുരം: കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലുള്ള സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന് ബാര്‍ സഹിതമുള്ള ക്ലബ്ബ് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യം കയ്യോടെ തള്ളിക്കളയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് അയച്ചു.

മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ആപല്‍ക്കരമായ തലത്തില്‍ സമൂഹത്തെ മാരകമായ ബാധിച്ചു കൊണ്ടിരിക്കുമ്പോള്‍, അതിനെല്ലാമെതിരെ നടപടി സ്വീകരിക്കാന്‍ ബാധ്യതപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ഇത്തരം ആവശ്യം ഉന്നയിക്കുന്നത് സിവില്‍ സര്‍വീസിന് അപമാനകരമാണ്; പരിഹാസ്യവുമാണ്.

സംസ്ഥാന ചീഫ് സെക്രട്ടറി ചെയര്‍മാനായ ഭരണസമിതി നയിക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നത് വളരെയേറെ വിചിത്രമാണ്. ജോലിയുടെ പിരിമുറുക്കം കുറയ്ക്കാനുള്ള 'മരുന്ന്' മദ്യമാണെന്ന മട്ടിലുള്ള ഈ കണ്ടെത്തല്‍ അംഗീകരിക്കപ്പെട്ടാല്‍, സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും വിവിധ വകുപ്പ് ആസ്ഥാനങ്ങളില്‍ നിന്നും ഇത്തരം ആവശ്യം ഉയര്‍ന്നു വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേവി ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ ഇനി മിലിറ്ററി ക്വോട്ട പോലെ തങ്ങള്‍ക്കു മദ്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല.

ഇത്തരുണത്തില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി വി ഇരൈ അന്‍പിന്റെ മാതൃകാപരവും ലളിതവുമായ സമീപനവും ശൈലിയും ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, കേരളത്തിലെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കണ്ണുതുറന്ന് കാണട്ടെ എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

Tags:    

Similar News