നവകേരള സദസ്സ് കേരളത്തെ കലാപഭൂമിയാക്കി; ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്ന് സുധീരന്‍

Update: 2023-12-23 10:18 GMT

കോഴിക്കോട്: നവകേരളസദസ്സ് അക്ഷരാര്‍ഥത്തില്‍ കേരളത്തെ കലാപഭൂമിയാക്കിയെന്നും ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നും കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കരുണാകരന്‍ അനുസ്മരണത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണിത്. ജനങ്ങളുടെ ഒരു പ്രശ്‌നത്തിനും പരിഹാരം ഉണ്ടാക്കാനായിട്ടില്ല. യഥാര്‍ഥത്തില്‍ നവകേരള യാത്ര പരാതികള്‍ ശേഖരിക്കുന്ന യാത്രയായിരുന്നു. എട്ടു ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാവാതെ കിടക്കുന്നതായി മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. അതിനു മുകളിലാണ് ലക്ഷക്കണക്കിന് പരാതികളുടെ ശേഖരണം നടന്നത്. കേരളം കലാപഭൂമിയായി മാറിയതിന് ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണ്. നവകേരള സദസ്സിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കരിങ്കൊടി ഉയര്‍ത്തിയ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ഡിവൈഎഫ്‌ഐ ക്രമിനലുകളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയാണ്. അതിന് 'രക്ഷാപ്രവര്‍ത്തനം' എന്ന ഓമനപ്പേരിട്ടു. നവകേരള സദസിന്റെ പരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നടത്തുന്നത്. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്ന് വീണ്ടും തെളിയിച്ചെന്നും സുധീരന്‍ പറഞ്ഞു.

Tags:    

Similar News