എന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്; പത്ത് സതീശന്‍ വിചാരിച്ചാലും വിഎം സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും വിഡി സതീശന്‍

'നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍'

Update: 2021-09-26 08:56 GMT

തിരുവനന്തപുരം: ഒരു നിലപാട് സ്വീകരിച്ചാല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഎം സുധീരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

'ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍, പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല'-സതീശന്‍ പറഞ്ഞു.

സുധീരന്റെ നിലപാടുകള്‍ നിങ്ങള്‍ക്ക് നന്നായിട്ടറിയാം. അദ്ദേഹത്തിന്റെ നിലപാട് മാറ്റുകയെന്നത് എളുപ്പമല്ല. തന്നെ ഒരുപക്ഷെ ഇടപെടലിലൂടെ മാറ്റിയേക്കാം. താന്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റാന്‍ പോയതല്ല. സംഘടനാ കാര്യങ്ങള്‍ സംസാരിച്ചു. എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് സുധീരന്‍ വ്യക്തമാക്കിയെന്നും സതീശന്‍ പറഞ്ഞു.

പുനസംഘടനയില്‍ മതിയായ ചര്‍ച്ച ഉണ്ടായില്ലെന്ന നിലപാട് തന്നെയാണ് സുധീരനുള്ളതെന്നാണ് വിവരം. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിഡി സതീശന്‍ സുധീരനെ വീട്ടിലെത്തി കണ്ടത്.

രാജി ഏത് സാഹചര്യത്തിലായാലും പിന്‍വലിക്കാന്‍ വിഎം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News