അയോധ്യ കേസ്: മതവിദ്വേഷം പരത്തുന്ന ചര്‍ച്ച സംഘടിപ്പിച്ച ആജ് തക്കിനെതിരേ പരാതി

ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേര്‍ഡ് അതോറിറ്റിയുടെ അയോധ്യ വാര്‍ത്തയെ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ആജ് തക്കിന് കത്തയച്ചു. പക്ഷേ, അവര്‍ പ്രതികരിച്ചില്ല. അതേതുടര്‍ന്നാണ് അതോറിറ്റിക്ക് പരാതി അയച്ചത്.

Update: 2019-11-01 18:08 GMT

ന്യൂഡല്‍ഹി: ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേര്‍ഡ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ച് മതവിദ്വേഷം പരത്തുന്ന ചര്‍ച്ച സംഘടിപ്പിച്ച ആജ് തക്കിനെതിരേ പരാതി. തീസ്ത സെത്തല്‍വാദ് സെക്രട്ടറിയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ആണ് പരാതി നല്‍കിയത്.

കഴിഞ്ഞ മാസം ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേര്‍ഡ് അതോറിറ്റി, അയോധ്യ കേസിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സമുദായ/ മത സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കി. 

ട്വിറ്റര്‍ കാര്‍ഡ്‌


 എന്നാല്‍ അയോധ്യകേസിന്റെ വാദം പൂര്‍ത്തിയാക്കിയ ഒക്ടോബര്‍ 16 നു തന്നെ ആജ് തക്ക് ഒരു ചര്‍ച്ച സംഘടിപ്പിച്ചു. 'ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനത്തെ സംബന്ധിച്ച ഏറ്റവും വലിയ ചര്‍ച്ച, അയോധ്യയില്‍ നിന്ന് രോഹിത് സര്‍ദാനയോടൊപ്പം' എന്നായിരുന്നു തലക്കെട്ട്. ചര്‍ച്ച സംപ്രേക്ഷണം ചെയ്യുക മാത്രമല്ല, പാനല്‍ അംഗങ്ങള്‍ക്ക് മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താനുള്ള അവസരവും നല്‍കി.

ഉദാഹരണത്തിന് ചര്‍ച്ചയില്‍ പങ്കെടുത്ത സ്വാമി കര്‍പത്രിജി മഹാരാജ് നടത്തിയ പരാമര്‍ശം അത്തരത്തിലുള്ളതാണ്. 'രാമജന്മഭൂമി നിര്‍മാണം തുടങ്ങും വിധി ഞങ്ങള്‍ക്ക് അനുകൂലമായിരിക്കും' സ്വാമി ചര്‍ച്ചയില്‍ പ്രഖ്യാപിച്ചു. പങ്കെടുത്ത പലരും ഇതിലും മോശമായ പരാമര്‍ശമാണ് നടത്തിയത്.

ചര്‍ച്ചയെ കുറിച്ച് ഒരു പോസ്റ്റും ആജ് തക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പമുളള ട്വിറ്റര്‍ കാര്‍ഡില്‍ എഴുതി: 'രാം നമ്മുടേതാണ്, ഈ പള്ളിക്കാരൊക്കെ എവിടെനിന്ന് വന്നവരാണ്?' 



 ചര്‍ച്ചയുടെ വീഡിയോ അന്നു തന്നെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു. ആ വീഡിയോ ഇതുവരെ 4 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ കാണുകയുണ്ടായി.

ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേര്‍ഡ് അതോറിറ്റിയുടെ അയോധ്യ വാര്‍ത്തയെ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ആജ് തക്കിന് കത്തയച്ചു. പക്ഷേ, അവര്‍ പ്രതികരിച്ചില്ല. അതേതുടര്‍ന്നാണ് അതോറിറ്റിക്ക് പരാതി അയച്ചത്. 

Tags:    

Similar News