അടിവസ്ത്രം അഴിപ്പിച്ച സംഭവം: ആയൂര്‍ മാര്‍ത്തോമാ കോളജിലേക്കുള്ള വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
കോളജിന്റെ ജനല്‍ച്ചില്ലകള്‍ തകര്‍ത്ത വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് ലാത്തിവീശി
കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചതിനെതിരേ ആയൂരിലെ മാര്‍ത്തോമാ കോളേജില്‍ വന്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജ് ക്യാമ്പസിനകത്ത് പ്രതിഷേധിക്കുകയാണ്. കോളജിന്റെ ജനാലചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കെഎസ്‌യു പ്രവര്‍ത്തകര്‍ പോലിസിന് നേരെ കല്ലെറിഞ്ഞു. ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പോലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
കാംപസിനുള്ളില്‍ കയറിയ വരെ പോലിസ് ലാത്തി വീശി പുറത്തേക്ക് മാറ്റുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗത തടസ്സമുണ്ടായി.
രാവിലെ മുതല്‍ വലിയ തോതിലുള്ള പ്രതിഷേധം കോളജ് പരിസരത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് കോളജ് അധികൃതര്‍ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.
അതിനിടെ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംസംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലിസ് കോളജ് അധികൃതരെ അടക്കം ചോദ്യം ചെയ്യും.