കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ട് പാകിസ്താനികളടക്കം ഏഴായി

Update: 2022-06-20 07:08 GMT
കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ട് പാകിസ്താനികളടക്കം ഏഴായി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായതായി പിടിഐ റിപോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ രണ്ട് പേര്‍ പാകിസ്താന്‍കാരാണ്. മൂന്ന് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് ഇത്രയും പേര്‍ മരിച്ചത്. കുപ് വാരയിലും പുല്‍വാമയിലും കുല്‍ഗാമിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്.

പുല്‍വാമയിലെ ചത്‌പോരയില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുപ്‌വാരയില്‍ ഞായറാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ 4 പേര്‍ കൊല്ലപ്പെട്ടു.

കുപ് വാരയില്‍ സൈന്യവും പോലിസും ചേര്‍ന്നാണ് തിരച്ചില്‍ നടന്നത്. ആ സമയത്ത് സായുധര്‍ വിവേചനരഹിതമായി വെടിയുതിര്‍ത്തെന്ന് പോലിസ് പറഞ്ഞു.

കുല്‍ഗാമിലെ ഡി എച്ച് പോറയില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് സായുധര്‍ മരിച്ചത്. കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം തുടങ്ങി നിരവധി ഏറ്റുമുട്ടലുകളാണ് നടന്നത്.

ജമ്മു കശ്മീര്‍ പോലിസ് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും താഴ്‌വരയില്‍ സമാധാനം സ്ഥാപിക്കാനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങളെ തടയാന്‍ സായുധരെ അനുവദിക്കില്ലെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

Tags:    

Similar News