മുകേഷ് എംഎല്‍എയുടെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Update: 2024-08-31 14:36 GMT

കൊല്ലം: മുകേഷ് എംഎല്‍എയുടെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓഫിസിന് നൂറുമീറ്റര്‍ അപ്പുറത്ത് ബാരിക്കേഡുകള്‍ വെച്ച് പോലിസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നുണ്ടായ ലാത്തി ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സമരം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബലാത്സംഗ പ്രതിയായ ഒരു എംഎല്‍എയെ സംരക്ഷിക്കാന്‍ വനിതാ പ്രവര്‍ത്തകരെ അടക്കം അടിച്ചോടിച്ചുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

അതേസമയം, ലൈംഗിക പീഡന കേസ് നേരിടുന്ന  മുകേഷ് നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം. ഇന്ന് നടന്ന സമിതി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയും തീരുമാനങ്ങളുമുണ്ടായിരുന്നു. ബ്ലാക്ക് മെയില്‍ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന വിശദീകരണവും അത് സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളും മുകേഷ് പാര്‍ട്ടിക്ക് മുന്നില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുകേഷിനെ സംരക്ഷിക്കാനും നിയമസഹായം നല്‍കാനും സിപിഐഎം കമ്മിറ്റി യോഗം തീരുമാനിച്ചത്.

മുകേഷ് രാജിവെക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ഭിന്നത ഇപ്പോഴും തുടരുന്നുണ്ട്. മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിപിഐയിലെയും സിപിഐഎമ്മിലെയും ദേശീയ നേതാക്കള്‍. അതേസമയം ഇരു ഘടക കക്ഷിയിലെയും സംസ്ഥാന നേതാക്കള്‍ മുകേഷിന് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്.നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പോലിസാണ് കേസെടുത്തത്.

Tags:    

Similar News