ശ്രീറാമിന്റെ നിയമനത്തില്‍ അതൃപ്തി അറിയിച്ച് ഭക്ഷ്യമന്ത്രി; ആദ്യമായി മന്ത്രിയായത് കൊണ്ടാകാം അത് മനസ്സിലാകാത്തതെന്ന് മുഖ്യമന്ത്രി
വാര്‍ത്ത പുറത്ത് വന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രിയ്ക്ക് തന്നെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജറായി നിയമിച്ചതിനെതിരെ മന്ത്രി ജി ആര്‍ അനില്‍. മന്ത്രിസഭാ യോഗത്തിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. താനറിയാതെയാണ് നിയമനം. നേരത്തെയും തന്റെ വകുപ്പില്‍ ഇത്തരം നിയമനങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
സിവില്‍ സപ്ലൈസില്‍ ഒഴിവുള്ളതുകൊണ്ടാണ് അവിടെ ശ്രീറാമിനെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി വിശദമാക്കി. എന്നാല്‍, വകുപ്പ് മന്ത്രിയുമായി ആലോചിച്ച് മാത്രമേ നിയമനം പാടുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഭക്ഷ്യമന്ത്രിയുടെ കത്ത് വാര്‍ത്തയായത് ശരിയായില്ലെന്നും മുഖ്യമന്തി ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാം, കത്ത് നല്‍കാം. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായത് ശരിയായില്ല. കത്ത് തന്റെ കയ്യില്‍ ലഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നു. വാര്‍ത്ത പുറത്ത് വന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രിയ്ക്ക് തന്നെയാണ്. സാധാരണ ഇത്തരം കാര്യങ്ങളിലെല്ലാം ആലോചിച്ച് തീരുമാനമെടുക്കുന്ന ആളാണ് ചീഫ് സെക്രട്ടറി. ആദ്യമായി മന്ത്രിയായത് കൊണ്ടാകാം ഇത് മനസ്സിലാകാത്തതെന്നും മുഖ്യമന്ത്രി യോഗത്തില്‍ തുറന്നടിച്ചു.
ഇന്നലെ തന്നെ അതൃപ്തി അറിയിച്ച് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി സിവില്‍ സപ്ലൈസ് മാനേജറായി നിയമിച്ചത്.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കലക്ടര്‍ സ്ഥാനത്ത് നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ കക്ഷികളടക്കം വിമര്‍ശനമുന്നയിച്ചത്. പത്രപ്രവര്‍ത്തക യൂണിയനടക്കം വിവിധ സംഘടനകളും സര്‍ക്കാരിനെ എതിര്‍പ്പറിയിച്ചിരുന്നു.