വിവാദ വ്യക്തി വകുപ്പില്‍ വരുന്നത് അറിയിച്ചില്ല; ശ്രീറാം വെങ്കിട്ടരാമിനെതിരേ ഭക്ഷ്യമന്ത്രിയുടെ പരാതി

സപ്ലൈകോ ജനറല്‍ മാനേജരാക്കിയ കാര്യം അറിയിക്കാത്ത ചീഫ് സെക്രട്ടറിയുടെ നടപടിയ്‌ക്കെതിരേ മന്ത്രി മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു

Update: 2022-08-02 11:37 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷിറിനെ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിലും വിവാദം. വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സപ്‌ളൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തന്നെ രംഗത്ത് വന്നു.

സപ്ലെയ്‌കോ ജനറല്‍ മാനേജരാക്കിയത് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിഞ്ഞില്ല. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയില്‍ മന്ത്രി മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെതിരെ ഇതിന് മുന്‍പും മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പ്രതിഷേധമറിയിച്ചിരുന്നു. 

ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഇന്നലെയാണ് മാറ്റിയത്. സപ്ലൈകോ ജനറല്‍ മാനേജറായി നിയമനം നല്‍കിയാണ് കലക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫിസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വിആര്‍ കൃഷ്ണ തേജയെ ആലപ്പുഴ കലക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കലക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. 

Tags:    

Similar News