മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടവിരുദ്ധമായി പണം വകമാറ്റിയ കേസ്: രേഖകള്‍ 7 ന് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം

ധനസഹായം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അധികാര പരിധി ഏതു വരെയാണെന്നു വ്യക്തത വരുത്താന്‍ സ്‌പെഷല്‍ അറ്റോര്‍ണിയോടു കോടതി നിര്‍ദേശിച്ചു

Update: 2022-02-05 03:40 GMT
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടവിരുദ്ധമായി പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ഈ മാസം ഏഴിന് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദേശം.ധനസഹായം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അധികാര പരിധി ഏതു വരെയാണെന്നു വ്യക്തത വരുത്താന്‍ സ്‌പെഷല്‍ അറ്റോര്‍ണിയോടു കോടതി നിര്‍ദേശിച്ചു. കേസിലെ തുടര്‍വാദം 11 ന് പരിഗണിക്കും.

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെയും കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയില്‍ അപകടത്തില്‍ മരിച്ച പോലിസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍നിന്നു സഹായം നല്‍കിയതിനെതിരെയാണു ഹര്‍ജി.ആര്‍ എസ് ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.മന്ത്രിസഭയുടെ അനുമതിയില്ലാതെയാണു തുക നല്‍കിയതെന്നും നിയമപ്രകാരം 3 ലക്ഷം രൂപയ്ക്കു മുകളില്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമായി കഴിയില്ലെന്നും പരാതിക്കാര്‍ വാദിച്ചു. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണു പണം അനുവദിച്ചത് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കുമ്പോള്‍ മാനദണ്ഡം പാലിക്കേണ്ടതല്ലേ എന്നും ഒരു കുടുംബത്തിന് പണം നല്‍കുമ്പോള്‍ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കേണ്ടതല്ലേ എന്നും ജസ്റ്റിസ് സിറിയക് ജോസഫ് വാക്കാല്‍ നിരീക്ഷിച്ചു.മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചു പണം നല്‍കാം, പക്ഷേ അര്‍ഹതപ്പെട്ടവര്‍ക്കല്ലേ നല്‍കേണ്ടതെന്നും ചോദിച്ചു. ഹര്‍ജി ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്നതാണോയെന്നു മുന്‍പു തീരുമാനം എടുത്തതിനാല്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് ഉപലോകായുക്ത ചൂണ്ടിക്കാട്ടി.

Tags:    

Similar News