സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ തടയാന്‍ നിയമം കൊണ്ടുവരുമെന്ന് സഹകരണവകുപ്പ് മന്ത്രി
തിരൂര്‍; സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളടക്കം തടയാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്ന് സഹകരണ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണയജ്ഞത്തിന്റെയും അംഗ സമാശ്വാസ പദ്ധതിയുടെ ധനസഹായ വിതരണത്തിന്റെയും ജില്ലാതല പരിപാടി തിരൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി വി എന്‍ വാസവന്‍.
സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയടിത്തറ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. ക്രമക്കേടുകള്‍ തടയാന്‍ ഓഡിറ്റ് വിഭാഗം ശക്തമാക്കുകയും സിഎജിയെ നിയോഗിക്കുകയും ചെയ്തു. ന്യൂ ജനറേഷന്‍ ബാങ്കുകളോട് കിടപിടിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളാണ് വളര്‍ന്നു വരുന്നത്. ദീര്‍ഘകാലം സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ആശ്വാസ പദ്ധതികള്‍ ആരംഭിക്കുന്നു. ഏതെങ്കിലും സഹകരണ സ്ഥാപനത്തിലെ അംഗമായവര്‍ക്ക് അരലക്ഷം രൂപ വരെ സമാശ്വാസം നല്‍കുന്ന പദ്ധതിക്കാണ് തുടക്കമായതെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ അംഗ സമാശ്വാസ ധനസഹായ വിതരണം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനങ്ങളെന്നും ഇത് തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാറും റിസര്‍വ്വ് ബാങ്കും ശ്രമിക്കുന്നതെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
തിരൂര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍, തിരൂര്‍ അര്‍ബണ്‍ ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍, തിരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ നസീര്‍ അഹമ്മദ്, താനൂര്‍ അര്‍ബണ്‍ സഹകരണ ബാങ്ക് പ്രസിഡന്റ് യു കെ അഭിലാഷ്, കെ ജി രാജശേഖരന്‍ നായര്‍, കെ വി പ്രസാദ്, പി മുഹമ്മദ് കോയ, യൂസഫ് കല്ലേരി എന്നിവര്‍ സംസാരിച്ചു. എസ് പ്രഭിത് സ്വാഗതവും സുരേന്ദ്രന്‍ ചെമ്പ്ര നന്ദിയും പറഞ്ഞു.