കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

Update: 2022-12-14 03:24 GMT

മലപ്പുറം: തൃശൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. തൃശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസ് ബീച്ചിലെ ഫിഷ് ലാന്റിങ് സെന്ററില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ചന്ദ്രന്‍ (45), എടക്കഴിയൂര്‍ വലിയതറയില്‍ മന്‍സൂര്‍ (19), ധനപാലന്‍ (35) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 12ന് വൈകീട്ട് നാല് മണിക്കാണ് എടക്കഴിയൂര്‍ പുളിങ്കുന്നത്ത് അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള IND KL05 MO 1636 എന്ന ഫൈബര്‍ വള്ളത്തില്‍ മൂന്നുപേരും മല്‍സ്യബന്ധനത്തിന് പോയത്.

രാത്രി 10 മണിയോടെ തിരിച്ചെത്തേണ്ട ഇവര്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതും മൂവരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമച്ചിട്ട് ലഭിക്കാതിരുന്നതും തീരദേശത്തെ ആശങ്കയിലാക്കിയിരുന്നു. ഇവര്‍ പോയ വള്ളം രാത്രി 8 മണിക്ക് പൊന്നാനിക്കു പടിഞ്ഞാട് കടലില്‍ എട്ട് നേട്ടിക്കല്‍ മൈലില്‍ വച്ച് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് മൂവരും കടലില്‍ അകപ്പെടുകയായിരുന്നു. മല്‍സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രനെയും മന്‍സൂറിനെയും രക്ഷപ്പെടുത്തി. ഇവര്‍ അറിയിച്ച പ്രകാരം കാണാതായ ധനപാലനുവേണ്ടി പൊന്നാനി കോസ്റ്റല്‍ പോലിസ് തിരച്ചില്‍ നടത്തി.

തുടര്‍ന്ന് പൊന്നാനിക്കു പടിഞ്ഞാറ് അഞ്ച് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറുവച്ച് അവശനിലയിലായിരുന്ന ധനപാലനെ കണ്ടെത്തി. തൊഴിലാളികളെ കോസ്റ്റല്‍ പോലിസും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി ബോട്ടില്‍ പൊന്നാനിയിലെത്തിച്ചു. അവശരായ മൂന്നുപേരെയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പൊന്നാനി കോസ്റ്റല്‍ പോലിസിലെ സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ കെ ടി അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍ ആല്‍ബര്‍ട്ട്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ സൈനുല്‍ ആബിദ് ഹുസൈന്‍ എന്നിവരും ബോട്ട് സ്രാങ്ക് പ്രദീപ് കുമാറും പങ്കെടുത്തു.

Tags:    

Similar News