വീട്ടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പുകള്‍; നിധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്കില്‍ വീട് പൊളിച്ചവര്‍ വെട്ടിലായി
ബെംഗളുരു: വീട്ടിനുള്ളില്‍ സ്ഥിരമായി മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് നിധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്കില്‍ വീട് പൊളിച്ച കുടുംബം അബന്ധത്തില്‍ പെട്ടു. പ്രശ്‌നപരിഹാരത്തിന് സമീപിച്ച മലയാളി മന്ത്രവാദിയുടെ വാക്ക് കേട്ട് വീടിന്റെ തറ ആഴത്തില്‍ കീറിയെങ്കിലും ഒന്നും ലഭിച്ചില്ല.
കര്‍ണാടകയിലെ ചാമരാജ് നഗറിലെ അമ്മന്‍പുരയിലുള്ള ദിവസവേതനക്കാരായ കുടുംബത്തിനാണ് അമളി പിണഞ്ഞത്. ആദ്യം വീട്ടിനുള്ളില്‍ പാമ്പിനെ കണ്ടപ്പോള്‍ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നു. എന്നാല്‍ തുടര്‍ന്നും വീടിനുള്ളില്‍ പാമ്പുകളെത്തിയതോടെയാണ് ദമ്പതികള്‍ മന്ത്രവാദിയുടെ സഹായം തേടിയത്. സ്ഥിരമായി പാമ്പിനെ കാണുന്നത് നിധിയുള്ള സ്ഥലത്തായിരിക്കുമെന്നും പാമ്പിനെ കണ്ട സ്ഥലം തുരന്നുനോക്കാനുമായിരുന്നു മലയാളിയായ മന്ത്രവാദി നിര്‍ദ്ദേശിച്ചത്. ഇതിനായി വീട്ടിലെത്തി നിധിയുടെ കാവല്‍ക്കാരായ പാമ്പുകളെ പ്രീതിപ്പെടുത്താനുള്ള പൂജകളും ഇയാള്‍ ചെയ്തു. പിന്നീട് നിധി കണ്ടെടുക്കാന്‍ വീട് കുഴിക്കാന്‍ തുടങ്ങി. മന്ത്രവാദിയുടെ നിര്‍ദ്ദേശമനുസരിച്ച് വീടിനുള്ളില്‍ 20 അടിയിലേറെ ആഴത്തിലാണ് ഇവര്‍ നിധി തേടി കുഴിച്ചത്.
നിധിയെടുക്കാന്‍ പകലും രാത്രിയുമായി വീടിന്റെ അകം കുഴിക്കുകയായിരുന്നു കടുംബം. രാത്രികളില്‍ വീടിനകത്ത് നിന്നും ശബ്ദം കേട്ടതോടെ അയല്‍വാസികള്‍ പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയിലെ വലിയ കുഴികളും എടുത്തുമാറ്റിയ മണ്‍ കൂമ്പാരവും കണ്ടത്.