ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍ നിര്‍മല ദേവി കുറ്റക്കാരി
ചെന്നൈ: ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്നകേസില്‍ ശ്രീവില്ലിപൂത്തൂരിനടുത്ത അറുപ്പുക്കോട്ടയിലെ സ്വകാര്യകോളജിലെ പ്രൊഫ നിര്‍മല ദേവി കുറ്റക്കാരിയാണെന്ന് ശ്രീവില്ലിപൂത്തൂര്‍ അതിവേഗകോടതി വിധിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മധുരകാമരാജ് കോളജിലെ അസി. പ്രൊഫ. മുരുഗനെയും ഗവേഷണവിദ്യാര്‍ഥി കറുപ്പ്‌സ്വാമിയെയും കോടതി വെറുതെവിട്ടു.
സ്ത്രീകള്‍ക്കെതിരായ ക്രൂരതയും വ്യഭിചാരക്കുറ്റവുമാണ് പ്രൊഫ. നിര്‍മലാദേവിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2018ലാണ് സംഭവം നടന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍മല ദേവിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണത്തിന് നേതൃത്വംനല്‍കിയ ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ട് രാജേശ്വരിയുടെ നേതൃത്വത്തില്‍ 1160 പേജ് അടങ്ങിയകുറ്റപത്രം അതിവേഗകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കുറ്റപത്രം നല്‍കിയതിനാല്‍ ഉടന്‍ ശിക്ഷ വിധിക്കണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ശിക്ഷ വിധിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റണമെന്ന നിര്‍മല ദേവിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. 2018ലാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ തമിഴ്‌നാട് ഗവര്‍ണറായിരുന്ന ബന്‍വരിലാല്‍ പുരോഹിതിനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.