വര്‍ഗീയശക്തികള്‍ തെലങ്കാനയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു; ബിജെപിക്കെതിരേ ഒളിയമ്പുമായി മുഖ്യമന്ത്രി

Update: 2022-09-17 15:10 GMT

ഹൈദരാബാദ്: ഹൈദരാബാദ് സംസ്ഥാനം ഇന്ത്യന്‍ യൂനിയനുമായി സംയോജിപ്പിച്ചതില്‍ ഒരു പങ്കുമില്ലാത്ത വര്‍ഗീയ ശക്തികള്‍ വിദ്വേഷം പടര്‍ത്തി തെലങ്കാന സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി വര്‍ഗീയ നിറം നല്‍കി തെലങ്കാനയുടെ ചരിത്രത്തെ വികലമാക്കാനാണ് വിഘടനവാദികള്‍ ശ്രമിക്കുന്നതെന്ന് ബിജെപിയുടെ പേരെടുത്തു പറയാതെ അദ്ദേഹം കുറ്റപ്പെടുത്തി. 

പഴയ ഹൈദരാബാദ് സംസ്ഥാനം ഇന്ത്യന്‍ യൂനിയനില്‍ ചേരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'തെലങ്കാന ദേശീയോദ്ഗ്രഥന ദിനാഘോഷ'ങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ചരിത്രവുമായും മുന്‍കാല സംഭവവികാസങ്ങളുമായും യാതൊരു ബന്ധവുമില്ലാത്ത ചില വിഘടനശക്തികള്‍ തെലങ്കാനയുടെ ശോഭനമായ ചരിത്രത്തെ മലിനമാക്കാനും വികസനം അട്ടിമറിക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ പതാക ഉയര്‍ത്തി. അതിനുശേഷം പബ്ലിക് ഗാര്‍ഡനില്‍നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

കേന്ദ്രസര്‍ക്കാര്‍ 'ഹൈദരാബാദ് വിമോചന ദിനം' ആചരിച്ചപ്പോള്‍ തെലങ്കാന സര്‍ക്കാര്‍ 'തെലങ്കാന ദേശീയോദ്ഗ്രഥന ദിനം' ആയി ആഘോഷിച്ചു. 

കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡിയെയും തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെയും ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ആഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ കര്‍ണാടകയെ പ്രതിനിധീകരിച്ച് ഗതാഗത മന്ത്രി ബി. ശ്രീരാമുലു പങ്കെടുത്തു. 

തെലങ്കാനയും മഹാരാഷ്ട്രയുടെയും കര്‍ണാടകയുടെയും ചില ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഹൈദരാബാദ് സംസ്ഥാനം, 1948 സെപ്റ്റംബര്‍ 17ന് 'ഓപ്പറേഷന്‍ പോളോ' എന്ന പേരിലുള്ള സൈനിക നടപടിയെ തുടര്‍ന്നാണ് ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ന്നത്. 

Tags:    

Similar News