വര്‍ഗീയതയ്ക്ക് പാഠ്യപദ്ധതിയില്‍ സ്ഥാനമുണ്ടാവില്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
മയക്ക് മരുന്ന് വ്യാപന പ്രശ്‌നത്തെ മതവല്‍ക്കരിക്കേണ്ടതില്ലെന്നും വസ്തുതകളെ വസ്തുതകളായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി
കണ്ണൂര്‍: വര്‍ഗ്ഗീയ നിലപാടുകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒരു സിലബസും സംസ്ഥാനത്തെ ഒരു പാഠ്യപദ്ധതിയിലുമുണ്ടാവില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച ന്യൂസ് ബുള്ളറ്റിന്‍ കണ്ണൂര്‍ ഗസറ്റ് പ്രകാശന ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത മുറുകെ പിടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദം പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അത് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. മയക്ക് മരുന്ന് വ്യാപന പ്രശ്‌നത്തെ മതവല്‍ക്കരിക്കേണ്ടതില്ലെന്നും വസ്തുതകളെ വസ്തുതകളായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ റീടെയില്‍ ഷോപ്പുകള്‍ തുടങ്ങുന്നതിനെപ്പറ്റി എക്‌സൈസ് വകുപ്പ് ഒരാലോചനയും നടത്തിയിട്ടില്ല. മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പുകളുടെ ഏകീകരണം ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അഞ്ച് ഡയറക്ടറേറ്റുകള്‍ക്ക് പകരം ഒറ്റ ഡയറക്ടറേറ്റ് നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.