കമ്മ്യൂണിസം അരാജകത്വത്തിന്റെ ആഘോഷം:എപി സുന്നി മാധ്യമ വക്താവ് മുഹമ്മദലി കിനാലൂര്‍

വിശ്വാസിയായി ജീവിച്ചുമരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കമ്മ്യൂണിസത്തിന്റെ കൊടി പിടിക്കാന്‍ പോകാതിരിക്കലാണ് നല്ലത്.ഒരു വിശ്വാസി മുസ്‌ലിമിന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആകാന്‍ കഴിയില്ല.

Update: 2022-01-06 03:28 GMT

കോഴിക്കോട്: കമ്മ്യൂണിസം അരാജകത്വത്തിന്റെ ആഘോഷമാണെന്ന് എപി സുന്നി മാധ്യമ വക്താവും രിസാല വാരിക സബ് എഡിറ്ററുമായ മുഹമ്മദലി കിനാലൂര്‍.ബ്രാഹ്മണിക്കല്‍ ഹിന്ദുവിന്റെ ജനാധിപത്യ നേരമ്പോക്കാണ് ഇന്ത്യന്‍ കമ്മ്യൂണിസമെന്നും, കമ്മ്യൂണിസത്തില്‍ നിന്ന് ഫാഷിസത്തിലേക്ക് ഒരു കിളിവാതില്‍ എപ്പോഴും തുറന്നുകിടപ്പുണ്ടെന്നും അദ്ധേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ഹസ്തദാനം ചെയ്യുന്നുണ്ട്, രാഷ്ട്രീയ അതിരുകള്‍ മറന്ന് അവര്‍ പ്രണയിക്കുന്നുണ്ട്, കെട്ടിപ്പുണരുന്നുണ്ട്, ചുംബിക്കുന്നുണ്ട്. തളിപ്പറമ്പിലെ ഉമ്മയുടെ വാവിട്ട കരച്ചില്‍ ഒരു കമ്മ്യൂണിസ്റ്റ് മനസിലും നൊമ്പരം സൃഷ്ടിക്കാത്തത് അതുകൊണ്ടാണ്.

എസ്എഫ്‌ഐയോ, ഡിവൈഎഫ്‌ഐയോ അല്ല പ്രശ്‌നം, അവരും മാതൃസംഘടനയായ സിപിഎമ്മും ചിന്തയില്‍ ചുമന്നു നടക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് പ്രശ്‌നത്തിന്റെ നാരായവേര്. കമ്മ്യൂണിസം അരാജകത്വത്തിന്റെ ആഘോഷമാണ്. അരാജകത്വം മൂല്യങ്ങളുടെ നിരാസമാണ്. അതുകൊണ്ട് സ്വവര്‍ഗരതി മുതല്‍ എല്ലാ കൊള്ളരുതായ്മക്കും കുട പിടിക്കാന്‍ കമ്മ്യൂണിസത്തിനു മടിയുണ്ടാകില്ല. അതൊക്കെ വ്യക്തിയുടെ തിരഞ്ഞെടുപ്പല്ലേ എന്ന്, വരാലിനെ പോലെ വഴുതിമാറുകയും ചെയ്യും കമ്മ്യൂണിസ്റ്റുകാര്‍. വ്യക്തിയുടെ തിരഞ്ഞെടുപ്പ് എങ്ങനെ ആണ് പാര്‍ട്ടിപരിപാടി ആകുന്നത് എന്നതിന് ഉത്തരം പ്രതീക്ഷിക്കരുത്.!

ഇസ്‌ലാം മൂല്യമാണ്. കമ്മ്യൂണിസം മൂല്യനിഷേധമാണ്. ഇത് രണ്ടും ഒത്തുപോകില്ല. വിശ്വാസിയായി ജീവിച്ചുമരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കമ്മ്യൂണിസത്തിന്റെ കൊടി പിടിക്കാന്‍ പോകാതിരിക്കലാണ് നല്ലത്. ഒരു വിശ്വാസി മുസ്‌ലിമിന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആകാന്‍ കഴിയില്ല. ഒരു നല്ല കമ്മ്യൂണിസ്റ്റിനു വിശ്വാസിജീവിതം തുടരാനും കഴിയില്ല. നാട്ടില്‍ എമ്പാടും മുസ്‌ലിം കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടല്ലോ എന്നാണോ നിങ്ങളുടെ മറുവാദം. അവരെ ഞാന്‍ മുസ്‌ലിം ഇടതുപക്ഷം എന്നു വിളിക്കുന്നു. ലെഫ്റ്റ് പൊളിറ്റിക്‌സില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവരാണവര്‍. ആ പ്രതീക്ഷ അടിമത്തമായി മാറുന്ന അവസ്ഥയില്‍ ഒരാള്‍ക്ക് മതം അല്ലെങ്കില്‍ കമ്മ്യൂണിസം എന്ന തിരഞ്ഞെടുപ്പ് വേണ്ടി വരും. മൂല്യം വേണമോ അരാജകത്വം വേണമോ എന്ന തിരഞ്ഞെടുപ്പ് തന്നെയാകും അത്. ഇടതുപാര്‍ട്ടികള്‍ക്ക് വോട്ട് കൊടുത്താലും മനസ് കൊടുക്കരുത് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഇക്കാരണത്താലാണ്.

മതത്തെ, മതത്തിലേക്ക് ആളുകള്‍ക്ക് ആശ്രയിക്കേണ്ടി വരുന്ന ഘടകങ്ങളെ ഇല്ലാതാക്കുക എന്നത് കമ്മ്യൂണിസ്റ്റ് അജണ്ടയാണ്. വിശ്വാസം കമ്മ്യൂണിസത്തിന്റെ പ്രഖ്യാപിത ശത്രുവാണ്. കെട്ട മുദ്രാവാക്യങ്ങള്‍ 'വിപ്ലവവിദ്യാര്‍ത്ഥി സംഘടന' കെട്ടഴിച്ചു വിടുന്നതും മതത്തില്‍ നിന്ന് വിശ്വാസികളെ പുറത്തുചാടിക്കാന്‍ ലക്ഷ്യമിട്ടു തന്നെയാണ്.

ഇന്ത്യന്‍ കമ്മ്യൂണിസത്തെ കുറിച്ച് കൂടി ഒരു വാചകം പറയാം: 'ബ്രാഹ്മണിക്കല്‍ ഹിന്ദുവിന്റെ ജനാധിപത്യ നേരമ്പോക്കാണ് ഇന്ത്യന്‍ കമ്മ്യൂണിസം'. ഓര്‍ക്കുക, കമ്മ്യൂണിസത്തില്‍ നിന്ന് ഫാഷിസത്തിലേക്ക് ഒരു കിളിവാതില്‍ എപ്പോഴും തുറന്നുകിടപ്പുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ഹസ്തദാനം ചെയ്യുന്നുണ്ട്, രാഷ്ട്രീയ അതിരുകള്‍ മറന്ന് അവര്‍ പ്രണയിക്കുന്നുണ്ട്, കെട്ടിപ്പുണരുന്നുണ്ട്, ചുംബിക്കുന്നുണ്ട്. തളിപ്പറമ്പിലെ ഉമ്മയുടെ വാവിട്ട കരച്ചില്‍ ഒരു കമ്മ്യൂണിസ്റ്റ് മനസിലും നൊമ്പരം സൃഷ്ടിക്കാത്തത് അതുകൊണ്ടാണ്.


Tags:    

Similar News