തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ എല്ലാവരെയും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. ശ്രുതിയെ റവന്യു വകുപ്പില്‍ ക്ലര്‍ക്കായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമനം നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍പ്പെട്ടില്ല.
പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്. ശ്രുതിയെ വിടാതെ പിന്തുടര്‍ന്ന ദുരന്തം അപകടത്തിന്റെ രൂപത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സണെ കൂടി തട്ടിയെടുത്തിരുന്നു.