സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ സര്‍വേക്കെതിരേ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍; ഹരജി നാളെ പരിഗണിക്കും

ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് നാളെ കേസ് പരിഗണിക്കും.

Update: 2024-11-28 15:34 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് നാളെ കേസ് പരിഗണിക്കും.

ധൃതിപിടിച്ച് നടത്തിയ സര്‍വേ നടപടികള്‍ പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയെന്നും അതിനാലാണ് അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും ഹരജിയില്‍ മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരാധനാലയങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ നിയമം പാലിക്കാതെയാണ് സംഭല്‍ സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) മസ്ജിദില്‍ സര്‍വേക്ക് ഉത്തരവിട്ടതെന്ന് ഹരജിയില്‍ പറയുന്നു. പൗരാണികമായ ഈ പള്ളി ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണിത്തിലുള്ളതാണ്. അസാധാരണമായ സാഹചര്യമുള്ളതിനാലാണ് സുപ്രിംകോടതിയില്‍ നേരെ അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളില്‍ സര്‍വേക്ക് ഉത്തരവിടുന്നത് നിത്യസംഭവമായിരിക്കുകയാണ്.കേസിലെ എതിര്‍കക്ഷികളുടെ വാദം പോലും കേള്‍ക്കാതെയാണ് കീഴ്‌ക്കോടതികള്‍ സര്‍വേകള്‍ക്ക് ഉത്തരവിടുന്നത്. ഇത്തരം ഉത്തരവുകള്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ച് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് രാജ്യത്തിന്റെ മതനിരപേക്ഷ സംവിധാനത്തെ കീറിമുറിക്കുന്നതായും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

അതേസമയം, സംഭലിലെ പോലിസ് വെടിവയ്പ് പ്രത്യേക പോലിസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് വരാണസി സ്വദേശിയായ ഡോ. ആനന്ദ് പ്രകാശ് തിവാരി എന്നയാള്‍ അലഹബാദ് ഹൈക്കോടതിതിയെ സമീപിച്ചു. സംഘര്‍ഷത്തിലെ പോലിസ് കമ്മീഷണറുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും പങ്ക് കര്‍ശനമായി അന്വേഷിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സ്വാധീനിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം നടത്തുന്ന അന്വേഷണത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.

Similar News