എറണാകുളത്തെ വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ പരാതിപ്രളയം

Update: 2022-01-12 12:18 GMT

എറണാകുളം; പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്‌നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസ്സും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയിരുന്നത്.

എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടത്തെ ഡോക്ടറും തമ്മിലുള്ള തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു കമ്മിഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. പരസ്പര ബഹുമാനമില്ലായ്മയായിരുന്നു പരാതിക്ക് അടിസ്ഥാനമായി ഇരുവിഭാഗവും ആരോപിച്ചിരുന്നത്. തങ്ങളുടെ പദവികളും ഉത്തരവാദിത്തങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മിഷന്‍ മുമ്പാകെ തീരുമാനമെടുത്തു.

എറണാകുളത്തെ അബാദ് പ്ലാസയിലെ കടനടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പൊലിസ് സംഘം അപമാര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മിഷന്റെ പ്രാഥമിക നിഗമനം. പ്രശ്‌നത്തിനൊടുവില്‍ അബാദ് പ്ലാസയില്‍ നിന്നും ബലമായി സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവതിയെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി ഒപ്പം വിടുകയായിരുന്നുവെന്ന് ബോധിപ്പിച്ച പൊലിസ് ഡോക്ടറുടെ പരിക്കില്ല സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കമ്മിഷന് മുമ്പാകെ ഹാജരാക്കി. എന്നാല്‍ യുവതി ആരോപിക്കുന്നതുപോലെ ഒടിവുണ്ടായത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും പോലിസ് ബോധിപ്പിച്ചു.

പരാതിക്കാരി ഹാജരാകാത്തതിനാല്‍ അടുത്ത സിറ്റിങ്ങില്‍ വീണ്ടും വാദം കേള്‍ക്കും.

ഗാര്‍ഹിക പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, പൊലിസിനെതിരായ പരാതി തുടങ്ങിയ വിവിധതരത്തിലുള്ള 39 പരാതികള്‍ക്ക് തീര്‍പ്പായി. ഏഴ് പരാതികള്‍ പൊലിസ് റിപോര്‍ട്ടിനായി അയച്ചു. രണ്ട് പരാതികള്‍ കൗണ്‍സലിങ്ങിന് വിട്ടു. ആകെ പരിഗണിച്ച 200 പരാതികളില്‍ 152 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

പെണ്‍കുട്ടി പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിലയിരുത്തി.

സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ. ഷിജി ശിവജി ഓര്‍മിപ്പിച്ചു.

കമ്മിഷന്‍ രണ്ട് ദിവസമായി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു.

Tags:    

Similar News