മികച്ച ജാഗ്രതാ സമിതികള്‍ക്ക് വനിതാ കമ്മീഷന്‍ പുരസ്‌കാരം നല്‍കുന്നു

Update: 2022-07-16 01:18 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമ, മുനിസിപ്പല്‍, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ മികച്ച ജാഗ്രതാ സമിതികള്‍ക്ക് കേരള വനിതാ കമ്മിഷന്‍ പുരസ്‌കാരം നല്‍കുമെന്ന് കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ജാഗ്രതാ സമിതികളുടെ ഊര്‍ജിതമായ പ്രവര്‍ത്തനത്തിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ക്ക് താഴെത്തട്ടില്‍തന്നെ പരിഹാരം കാണാനാവുമെന്നും അഡ്വ.പി സതീദേവി പറഞ്ഞു. കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് തല ജാഗ്രതാ സമിതി പരിശീലനം വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മിഷന്‍ അധ്യക്ഷ.

തിരുവനന്തപുരം കോര്‍പറേഷന്റെ നൂറ് വാര്‍ഡുകളിലും ജാഗ്രതാസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും ഒരു വാര്‍ഡില്‍ രണ്ട് വീതം പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അധ്യക്ഷത വഹിച്ച മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി കെ രാജു മുഖ്യാതിഥിയായിരുന്നു.

വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സന്‍മാരായ എല്‍ എസ് ആതിര, പി ജമീലാ ശ്രീധരന്‍, ഡി ആര്‍ അനില്‍, ജിഷാജോണ്‍, സിന്ധു വിജയന്‍, നഗരസഭാ കക്ഷി നേതാക്കളായ എം ആര്‍ ഗോപന്‍, പി പദ്മകുമാര്‍ കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശ്രീകാന്ത് എം ഗിരിനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് കേരള വനിതാ കമ്മീഷന്‍ മുന്‍ ലോ ഓഫിസര്‍ അഡ്വ. പി ഗിരിജ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് സലിം, കേരള വനിതാ കമ്മീഷന്‍ പ്രൊജക്ട് ഓഫിസര്‍ എന്‍ ദിവ്യ സംസാരിച്ചു.

Tags:    

Similar News