കേരളാ മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കരണ്‍ ഥാപ്പറിന് ഇന്ത്യന്‍ മീഡിയ പേഴ്‌സന്‍ പുരസ്‌കാരം
കൊച്ചി: കേരള മീഡിയാ അക്കാദമിയുടെ 2022ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പ്രഖ്യാപിച്ചു. രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡിന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും അഭിമുഖകാരനുമായ കരണ്‍ ഥാപ്പര്‍ അര്‍ഹനായി. എന്‍ഡിടിവി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാറിനാണ് 2022-23 വര്‍ഷത്തെ അവാര്‍ഡ്. ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാലന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മികച്ച മുഖപ്രസംഗത്തിനുള്ള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് മാധ്യമം ദിനപത്രത്തിലെ കെ സുല്‍ഹഫിനാണ്. നരബലിയുടെ പശ്ചാത്തലത്തില്‍ എഴുതിയ 'പ്രബുദ്ധമലയാളം എന്ന പാഴ്‌വാക്ക്' എന്ന മുഖപ്രസംഗമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ബി സന്ധ്യ, കെ സി നാരായണന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള എന്‍ എന്‍ സത്യവ്രതന്‍ അവാര്‍ഡിന് ദീപിക ദിനപത്രത്തിന്റെ സ്റ്റാഫ് റിപോര്‍ട്ടറായ റിച്ചാര്‍ഡ് ജോസഫ് അര്‍ഹനായി. 2022 ജനുവരി 16ന് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പ്രശാന്തവിസ്മയം എന്ന ലേഖനമാണ് പരിഗണിച്ചത്. മികച്ച അന്വേഷണാത്മക റിപോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മലയാള മനോരമ ദിനപത്രത്തിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ ജയപ്രകാശ് ബാബുവിന് ലഭിച്ചു. 2022 ജൂലൈയിലും ആഗസ്തിലുമായി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിനെപ്പറ്റി ദുബയ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 'പൊടിപൊടിച്ച് പൊന്നുകടത്ത്' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപ്പത്രത്തിലെ നെടുമങ്ങാട് പ്രാദേശിക ലേഖകന്‍ തെന്നൂര്‍ ബി അശോക് അര്‍ഹനായി. മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം എഡിഷനിലെ ഫോട്ടോഗ്രഫര്‍ ഫഹദ് മുനീര്‍ അര്‍ഹനായി. ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് എഷ്യാനെറ്റ് ന്യൂസിലെ വി പി വിനീതയ്ക്കാണ്. അവള്‍ ഒരുത്തി എന്ന ന്യൂസ് സ്‌റ്റോറിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ പങ്കെടുത്തു.