ചികിത്സ വൈകിപ്പിച്ചുവെന്ന് ആരോപിച്ച് ഡോക്ടറെ ആക്രമിച്ചതായി പരാതി
തലക്ക് പട്ടിക കൊണ്ട് അടിയേറ്റ ഡോക്ടര്‍ക്ക് ഏഴ് തുന്നല്‍ വേണ്ടി വന്നു.
തലക്ക് പട്ടിക കൊണ്ട് അടിയേറ്റ ഡോക്ടര്‍ക്ക് ഏഴ് തുന്നല്‍ വേണ്ടി വന്നു. സംഭവത്തെ കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെയാണ്. ഇന്നലെ വൈകീട്ട് അമ്മയെ ചികിത്സിക്കുന്നത്തിനായി 3.30 ന് ഡോക്ടറെ കാണാന്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ എത്തുന്നത് നാലിന് ശേഷമായിരുന്നു. ഈ സമയത്ത് ഡോക്ടറെ കാണുന്നതിന് അഞ്ച് രോഗികള്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ വന്നയുടനെ തന്നെ കാണണമെന്ന ആവശ്യം ഡോക്ടര്‍ ജോര്‍ജ്ജ് ജോണ്‍ നിരാകരിക്കുകയും മറ്റുള്ളവരെ പരിശോധിച്ച ശേഷം കാണാമെന്ന് അറിയിക്കുകയായിരുന്നു. ജോഷിയുടെ ഭാര്യയായ ഗ്രാമപഞ്ചായത്ത് മുന്‍ അംഗമാണ് അമ്മയെ കൊണ്ടുവന്നത്. എന്നാല്‍ ഡോക്ടര്‍ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് ഇവര്‍ അമ്മയേയും കൊണ്ട് വീട്ടില്‍ പോയി ഭര്‍ത്താവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് ജോഷി കാഞ്ഞൂത്തറയും സുഹൃത്തും ഇവര്‍ക്കൊപ്പം എത്തി രോഗികള്‍ക്ക് മുന്നില്‍ വച്ച് ഡോക്ടറെ ആക്രമിച്ച് തലക്ക് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. ജോഷി കാഞ്ഞൂത്തറ പിന്നില്‍ നിന്ന് പിടിച്ചുനല്‍കിയെന്നും ഒപ്പമുണ്ടായിരുന്ന ആളാണ് അടിച്ചതെന്നും ഡോ. ജോര്‍ജ്ജ് ജോണ്‍ പറഞ്ഞു. അതേസമയം ഒപ്പമുണ്ടായിരുന്ന വയോധികയായ രോഗിയെ ഡോക്ടര്‍ പിടിച്ചു തള്ളിയെന്നും ചുമരില്‍ ഇടിച്ച് പരിക്കേറ്റുവെന്നും മറുഭാഗം ആരോപിക്കുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.