നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ സമ്മേളനം
തിരുവനന്തപുരം: രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ പുരുഷനും സ്ത്രീക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സാമാജികര്‍. കേരള നിയമസഭയില്‍ ആരംഭിച്ച വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും വനിതകളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയിലാണ് അഭിപ്രായം ഉയര്‍ന്നത്. വനിതകള്‍ക്ക് 33 ശതമാനം സംവരണമെന്നത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയുമൊരു 75 വര്‍ഷമാകുമെന്ന സ്ഥിതിയാണെന്ന് ശില്‍പശാലയില്‍ സംസാരിച്ച മുന്‍ എംപി വൃന്ദാകാരാട്ട് അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റില്‍ 35 ശതമാനം സംവരണം ഉറപ്പാക്കാന്‍ രാഷ്ട്രീയ, ഭാഷ, ദേശ ദേദമന്യേ സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വൃന്ദാകാരാട്ട് പറഞ്ഞു. വനിതകള്‍ക്ക് 33 ശതമാനം സംവരണം എന്നത് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണച്ചതാണ്. പ്രകടന പത്രികയില്‍ മിക്കവരും ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. മറ്റു പല ബില്ലുകളും വേഗത്തില്‍ പാസായെങ്കിലും ഈ ബില്‍ പാസാക്കാന്‍ എന്താണ് തടസമെന്ന് മനസിലാകുന്നില്ലെന്ന് കനിമൊഴി കരുണാനിധി എംപി പറഞ്ഞു. വനിതകള്‍ക്ക് 50 ശതമാനം സംവരണമാണ് വേണ്ടതെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ നിമബെന്‍ ആചാര്യ അഭിപ്രായപ്പെട്ടു.
ആദ്യ ലോക്‌സഭയില്‍ അഞ്ച് ശതമാനം സ്ത്രീകളാണുണ്ടായിരുന്നതെന്ന് ബൃന്ദാകാരാട്ട് പറഞ്ഞു. പല സമിതികളിലും സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. എങ്കിലും ചര്‍ച്ചകളിലെല്ലാം വനിതകളുടെ ശബ്ദം ഉയര്‍ന്നു കേട്ടു. ഇന്ന് വനിതകള്‍ അഭിപ്രായം പറയുമ്പോള്‍ അതിനെ രാഷ്ട്രീയാഭിപ്രായത്തോടെ നേരിടുന്നതിനു പകരം സെക്ഷ്വല്‍ കമന്റുകളാണ് ഉണ്ടാവുന്നത്. വനിതാ സാമാജികര്‍ ഭരണസംവിധാനത്തിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ പോലും അധിക്ഷപത്തിന് ഇരയാകുന്നു. ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനിര്‍മാണ സഭകളില്‍ ഒരു കോഡ് ഓഫ് കണ്ടക്ട് വേണ്ടത് അത്യാവശ്യമാണ്. ഇതിനു വനിതകള്‍ തന്നെ ഒരു ലക്ഷ്മണരേഖ നിശ്ചയിക്കണം. അത് കടന്നാല്‍, ഇത്തരം അഭിപ്രായം പറയുന്നയാള്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന കൃത്യമായ സന്ദേശം അവര്‍ക്ക് നല്‍കണമെന്നും ബൃന്ദാകാരാട്ട് പറഞ്ഞു.
വിവിധ മേഖലകളിലുള്ള വനിതകളെ മോശക്കാരായി സമൂഹ മാധ്യമങ്ങളില്‍ ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്ന് കനിമൊഴി പറഞ്ഞു. വനിതകളെ മോശക്കാരായി പൊതുയിടങ്ങളില്‍ ചിത്രീകരിക്കുന്നതിനെതിരെ ബില്‍ കൊണ്ടുവരും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നിയമങ്ങളാണ് സഭയില്‍ പാസാക്കുന്നത്. എന്നാല്‍ ഭൂരിപക്ഷ പുരുഷ സാമാജികരാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ സംസ്‌കാരവും പാരമ്പര്യവും കടന്നുവരുമെന്ന് കനിമൊഴി അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലും സ്ത്രീകളുടെ ശക്തമായ പങ്കാളിത്തം ഉണ്ടായിരുന്നത് വിസ്മരിക്കരുതെന്നും ഉത്തരാഖണ്ഡ് സ്പീക്കല്‍ റിതു ഖണ്ഡൂരി പറഞ്ഞു. വനിതകളുടെ ഉന്നമനത്തിനായി ഉത്തരാഖണ്ഡ് സ്വീകരിച്ച വിവിധ നടപടികളും പദ്ധതികളും അവര്‍ വിശദീകരിച്ചു.
വനിതകള്‍ക്ക് കേരളം നല്‍കുന്ന പ്രാധാന്യത്തെ പ്രകീര്‍ത്തിച്ച സ്പീക്കര്‍ 22 വയസുള്ള മേയര്‍ തലസ്ഥാന നഗരത്തിലെ കോര്‍പേറഷന്‍ ഭരിക്കുന്നതിനെ അഭിനന്ദിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നീക്കം ഉണ്ടാവണമെന്ന് പുതുച്ചേരി ഗതാഗത മന്ത്രി ചന്ദിര പ്രിയങ്ക പറഞ്ഞു. മുന്‍ നിയമസഭാംഗം ആര്‍ ലതാദേവി മോഡറേറ്ററായിരുന്നു. യു പ്രതിഭ എംഎല്‍എ സ്വാഗതവും കെ കെ രമ എംഎല്‍എ നന്ദിയും പറഞ്ഞു.