സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ ക്വാക്ത പ്രദേശത്തെ മെയ്‌തെയ് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ കുക്കി സമുദായത്തില്‍ നിന്നുള്ളവരുടെ നിരവധി വീടുകളും തകര്‍ന്നു. വ്യാഴാഴ്ച ബിഷ്ണുപുരില്‍ സായുധ സേനയും മെയ്‌തെയ് വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്ക് പരുക്കേറ്റിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇംഫാല്‍ ഈസ്റ്റിലും ഇംഫാല്‍ വെസ്റ്റിലും പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവുകള്‍ പിന്‍വലിച്ചു.
കുക്കി സമുദായത്തില്‍പ്പെട്ടവരുടെ നിരവധി വീടുകള്‍ക്കും തീയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു സംഘമാളുകള്‍ ബഫര്‍ സോണ്‍ കടന്ന് മെയ്തെയ് വിഭാഗക്കാരുടെ സ്ഥലത്തെത്തി പ്രദേശങ്ങളില്‍ വെടിയുതിര്‍ത്തതായി പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ത മേഖലയില്‍ നിന്ന് 2 കിലോമീറ്റര്‍ മുന്നിലാണ് ബഫര്‍ സോണ്‍ സ്ഥിതി ചെയ്യുന്നത്. ഇത് കേന്ദ്ര സേനയുടെ സംരക്ഷണത്തിലാണ്. പ്രദേശത്ത് കൂടുതല്‍ പോലിസുകാരെ വിന്യസിച്ചു.
ബിഷ്ണുപൂര്‍ ജില്ലയിലെ കാങ്വായ്, ഫൗഗക്ചാവോ മേഖലകളില്‍ വ്യാഴാഴ്ച സൈന്യവും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്കാണ് പരുക്കേറ്റത്. ഇതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷം.