പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തിനിടെ സംഘര്‍ഷം; സുവിശേഷ പ്രാസംഗികനും ഹിന്ദുത്വ നേതാക്കള്‍ക്കും എതിരേ കേസ്
മതംമാറ്റ ശ്രമത്തിന് ഇരയാക്കപ്പെട്ട കുന്തടി സ്വദേശിയായ സുനില്‍ (20) സുവിശേഷ പ്രാസംഗികന്‍ ബെനഡിക്റ്റിനെതിരേ കാര്‍ക്കള ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
മതംമാറ്റ ശ്രമത്തിന് ഇരയാക്കപ്പെട്ട കുന്തടി സ്വദേശിയായ സുനില്‍ (20) സുവിശേഷ പ്രാസംഗികന്‍ ബെനഡിക്റ്റിനെതിരേ കാര്‍ക്കള ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഹിന്ദു മത വിശ്വാസിയായ സുനിലിന് സാമ്പത്തിക സഹായം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മതംമാറ്റത്തിന് ശ്രമിച്ചു എന്നും ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ചു എന്നുമാണ് പരാതി. സുനില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഹാലേക്കാട്ടെ താമസക്കാരനായ ബെനഡിക്റ്റ് രണ്ട് മാസം മുമ്പാണ് വീട്ടിലെത്തി ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്. ഹിന്ദു മതത്തില്‍ ആയിരക്കണക്കിന് ദൈവങ്ങളുണ്ടെന്ന് പറഞ്ഞ് അവര്‍ പരിഹസിച്ചതായും സുനില്‍ പരാതിയില്‍ ആരോപിച്ചു.
ഗണേശ ചതുര്‍ത്ഥി ദിവസം നക്രേയിലെ പ്രഗതി കേന്ദ്രത്തില്‍ എത്താന്‍ അവര്‍ സുനിലിനോട് ആവശ്യപ്പെട്ടിരുന്നു. സുനില്‍ രാവിലെ 9.30 ന് പോയപ്പോള്‍ 70 ഓളം പേര്‍ വീട്ടില്‍ ഒത്തുകൂടിയിരുന്നു. 'ഹിന്ദു മതത്തേയും ദൈവത്തേയും കുറിച്ച് ബെനഡിക്ട് വളരെ മോശമായാണ് അവിടെവച്ച് സംസാരിച്ചതെന്നും സുനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പ്രാര്‍ഥനാ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കി എന്നാണ് എച്ച്‌ജെവി പ്രവര്‍ത്തകര്‍ക്കെതിരെ ബെനഡിക്ട് നല്‍കിയ പരാതിയില്‍ പറയുന്നത്. മുപ്പതോളം പേര്‍ നിയമവിരുദ്ധമായി പ്രവേശിച്ചതായും പ്രാര്‍ഥിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമെതിരെ പ്രവര്‍ത്തകര്‍ ആക്രോശിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തതായും പറയുന്നു. ഒരു സ്ത്രീയെ ആക്രമിച്ചു. പ്രാര്‍ഥിക്കുന്ന മറ്റുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. രണ്ട് പരാതിയിലുമായി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.