79 ശതമാനം ന്യൂനപക്ഷ സന്നദ്ധ സംഘടനകള്‍ക്കും വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി അസാധുവാക്കപ്പെട്ടെന്ന് റിപോര്‍ട്ട്

ഭരണകക്ഷിയായ ബിജെപിയുടെയും നിരവധി ഹിന്ദുത്വ-വലതുപക്ഷ സംഘടനകളുടെയും രക്ഷാധികാരികളായ രാഷ്ട്രീയ സ്വയംസേവക് സംഘിനോടും കൂറുള്ള ഒരു എന്‍ജിഒയുടെ പോലും ലൈസന്‍സിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല.

Update: 2022-01-07 07:14 GMT

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ ലൈസന്‍സ് അസാധുവാക്കപ്പെട്ട എന്‍ജിഒകളില്‍ അധികവും മതന്യൂനപക്ഷ സന്നദ്ധ സംഘടനകളുടേതെന്ന് റിപോര്‍ട്ട്. 2,257 മത-സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയപ്പോള്‍ 70 ശതമാനം ക്രിസ്ത്യന്‍ എന്‍ജിഒകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി നഷ്ടമായെന്ന് 'ദി സിഎസ്ആര്‍ യൂണിവേഴ്‌സ്' എന്ന സമിതി പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ഗ്രീന്‍പീസ് ഇന്ത്യ, ഓക്‌സ്ഫാം, മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി ഏകദേശം 12,000ത്തിലധികം എന്‍ജിഒകളുടെ എഫ്‌സിആര്‍എ ലൈസന്‍സാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച അസാധുവാക്കിയത്. 70 ശതമാനം ക്രിസ്ത്യന്‍ സമുദായ സംഘടനകള്‍ പുറത്താക്കപ്പെട്ടപ്പോള്‍ എട്ടു ശതമാനം മുസ്‌ലിം സന്നദ്ധ സംഘടനകളുടെ ലൈസന്‍സും അസാധുവായി. അതേസമയം, ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എന്‍ജിഒകള്‍, സംഘപരിവാര ബന്ധമുള്ള സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് യാതൊരുവിധ തടസ്സവും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

ഇത്തരത്തില്‍ ലൈസന്‍സ് അസാധുവാക്കപ്പെട്ട 2.5 ശതമാനം സംഘടനകള്‍ ബുദ്ധ മതവുമായും 0.5 ശതമാനം സന്നദ്ധ സംഘടനകള്‍ സിഖ് സമുദായവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്. സിഎസ്ആര്‍ യൂണിവേഴ്‌സിന്റെ റിപോര്‍ട്ട് പ്രകാരം, ക്രിസ്ത്യന്‍ സമുദായത്തില്‍ വിവിധ സാമൂഹിക പദ്ധതികള്‍ നടത്തുക എന്ന ഉദ്ദേശത്തോടെ മൊത്തം 1,626 എന്‍ജിഒകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതും ഇന്ത്യയിലുടനീളമുള്ള വിവിധ ചര്‍ച്ചുകളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവയാണ്. ഇത്തരത്തില്‍ ഹിന്ദു സമുദായവുമായി ബന്ധപ്പെട്ടു കിടക്കുന്നത് 11 ശതമാനം എന്‍ജിഒകളാണ്.

ഭരണകക്ഷിയായ ബിജെപിയോടും നിരവധി ഹിന്ദുത്വ-വലതുപക്ഷ സംഘടനകളുടെയും രക്ഷാധികാരികളായ രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍എസ്എസ്)നോടും കൂറുള്ള ഒരു എന്‍ജിഒയുടെ പോലും ലൈസന്‍സിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ആര്‍എസ്എസിനും അതിന്റെ സഹോദ സംഘടനകള്‍ക്കും കോടിക്കണക്കിന് രൂപയാണ് വിദേശ സംഭാവനയായി ലഭിക്കുന്നത്. ഈ സംഘടനകളുടെ അന്തര്‍ദേശീയ അംഗങ്ങളില്‍ നിന്നടക്കം വലിയ തുകയാണ് ധനസഹായം കിട്ടുന്നത്. അടുത്തിടെ അല്‍ജസീറ പുറത്തുവിട്ട ഒരു എക്‌സ്‌ക്ലുസിവ് റിപോര്‍ട്ട് അമേരിക്കയിലുള്ള ഹിന്ദു വലതുപക്ഷ സംഘടന നടത്തിയ വലിയ കുംഭകോണത്തെ തുറന്നുകാണിച്ചിരുന്നു. യുഎസിലെ കൊവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 8,33,000 ഡോളര്‍ വിദേശ സംഭാവനയായി ഈ ഹിന്ദു വലതുപക്ഷ സംഘടനയ്ക്ക് ലഭിച്ചെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുകയുണ്ടായി.

Tags:    

Similar News