വിദേശ സംഭാവന: കേന്ദ്രം റദ്ദാക്കിയതില്‍ 70 ശതമാനവും ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സുകള്‍

Update: 2022-01-09 15:43 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ എഫ്‌സിആര്‍എ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയതില്‍ 70 ശതമാനവും ക്രിസ്ത്യന്‍ സംഘകളെന്ന് റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തോളം എന്‍ജിഒകള്‍ക്ക് ഇനി വിദേശ സംഭാവനകള്‍ സ്വീകരിക്കാനാവില്ല. എഫ്‌സിആര്‍എ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ആറായിരത്തോളം എന്‍ജിഒകളും സംഖഘടനകളുടേയും വിദേശ സംഭാവന വാങ്ങുന്ന ലൈസന്‍സിന്റെ കാലാവധിയാണ് ഡിസംബര്‍ 31ഓടെ അവസാനിച്ചത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കി. നേരത്തെ ആഭ്യന്തര മന്ത്രാലയം മദര്‍ തെരേസ മിഷണറീസ് ഓഫ് ചാരിറ്റിക്കും ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. ചില പ്രശ്‌നങ്ങള്‍ ഇവരുടെ അപേക്ഷയില്‍ ഉണ്ടായിരുന്നുവെന്നാണ് നേരത്തെ കേന്ദ്രം പറഞ്ഞിരുന്നത്.

വിവിധ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 2257 സംഘടനകളുടെ ലൈസന്‍സും റദ്ദാക്കിയിരുന്നു. ഇതില്‍ 70 ശതമാനവും ക്രിസ്ത്യന്‍ സംഘടനകളുമായി ബന്ധപ്പെട്ടവയാണെന്ന് ദി സിഎസ്ആര്‍ യൂനിവേഴ്‌സ് കണ്ടെത്തി. 8.6% മുസ് ലിം സംഘടനകളാണ്. ന്യൂനപക്ഷങ്ങള്‍ നിയന്ത്രിക്കുന്ന മറ്റ് എന്‍ജിഒകള്‍ ബുദ്ധമതക്കാരും സിഖുകാരുമാണ്: യഥാക്രമം 2.5%, 0.5%.

സിഎസ്ആറിനായുള്ള ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്‌ഫോം അനുസരിച്ച്, ക്രിസ്ത്യന്‍ മതത്തിനായുള്ള സാമൂഹിക വികസന പദ്ധതികള്‍ക്കായി മൊത്തം 1626 എന്‍ജിഒകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതും ഇന്ത്യയിലുടനീളമുള്ള വിവിധ പള്ളികളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു. ഇവരില്‍ 11 ശതമാനവും ഹിന്ദുമതവുമായി യോജിച്ചു നില്‍ക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ആര്‍എസ്എസ്സും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടില്ല. യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ആര്‍എസ്എസിനും അതിന്റെ സഹോദര സംഘടനകള്‍ക്കും ശക്തമായ വേരോട്ടമുണ്ട്. അവരുടെ ദേശീയ അന്തര്‍ദേശീയ കൂട്ടായ്മകളില്‍ നിന്നും അവര്‍ക്ക് ധനസഹായം ലഭിക്കുന്നു.

അടുത്തിടെ അല്‍ ജസീറയുടെ ഒരു എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് യുഎസ് ആസ്ഥാനമായുള്ള ഹിന്ദു വലതുപക്ഷ സംഘടനകള്‍ നടത്തിയ ഒരു വലിയ കുംഭകോണത്തെ തകര്‍ത്തിരുന്നു. യുഎസിലെ കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഹിന്ദുത്വ സംഘടനകള്‍ക്ക് 833,000 ഡോളര്‍ ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

വിദേശ സംഭാവന റെഗുലേഷന്‍ നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു എന്‍ജിഒയ്ക്കും ആവശ്യമാണ്. അതിലൂടെ മാത്രമേ വിദേശ സംഭാവനകളും മറ്റും സ്വീകരിക്കാന്‍ സാധിക്കൂ. മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ അംഗീകരിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. 2021-21 ആദായനികുതി റിപ്പോര്‍ട്ട് പ്രകാരം 347 വ്യക്തികളില്‍ നിന്നായി 75 കോടി രൂപയാണ് സംഘടനയ്ക്ക് സംഭാവനയായി ലഭിച്ചത്. 27.3 കോടി രൂപ വിദേശ സംഭാവന അക്കൗണ്ടില്‍ ഇവര്‍ക്കുണ്ട്. മൊത്തം ബാലന്‍സ് 103.76 കോടി രൂപയാണ്.

അതേസമയം എന്‍ജിഒകളുടെ കുഴപ്പമാണ് ഇതെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ആറായിരത്തിലധികം എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കാനായി അപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു. അവസാന തിയതിക്ക് മുമ്പ് തീര്‍ച്ചയായും അപേക്ഷ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ പലരും അത് ചെയ്തിരുന്നില്ല. ഇങ്ങനൊരു സാഹചര്യത്തില്‍ അനുമതി എങ്ങനെയാണ് നല്‍കുകയെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു. മൊത്തത്തില്‍ പന്ത്രണ്ടായിരത്തില്‍ അധികം എന്‍ജിഒകള്‍ക്കാണ് ഇതോടെ കേന്ദ്രം പൂട്ടിട്ടത്. പ്രമുഖ സംഘടനകളായ ഓക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്‌ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ലെപ്രസി മിഷന്‍ എന്നിവരുടെ ലൈസന്‍സ് എല്ലാം റദ്ദായിരിക്കുകയാണ്.

ഈ സംഘടനകള്‍ നിലനില്‍ക്കുന്നതിന് പ്രധാന കാരണം വിദേശ സംഭാവനകളാണ്. ഇന്ത്യയിലെ സാമൂഹ്യ സേവന മേഖല മുഴുവന്‍ നിശ്ചലമാക്കാന്‍ പോകുന്ന തീരുമാനങ്ങളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്നത്. ഓക്‌സ്ഫാമിന്റെ അടക്കം എഫ്‌സിആര്‍എ ലൈസന്‍സ് കാലാവധി നേരത്തെ തന്നെ അവസാനിച്ചതാണ്. ഡിസംബര്‍ 31 ആണ് ഇവര്‍ക്കെല്ലാം ലൈസന്‍സ് പുതുക്കാനുള്ള സമയമായി നല്‍കിയത്. അതാണ് അവസാനിച്ചിരിക്കുന്നത്. ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, ഇന്ത്യ ഇസ് ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയും ലൈസന്‍സ് കാലാവധി അവസാനിച്ചവരുടെ പട്ടികയിലുണ്ട്.

നേരത്തെ ഗുജറാത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവനം നടത്തുന്ന ഡയറക്ടര്‍ക്കെതിരെ പരാതി വന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായത്. പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്നായിരുന്നു ആരോപണം. അതേസമയം തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രൂക്ഷമായി ഇതിനെതിരെ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സംഘടനകളെ അടിച്ചമര്‍ത്തി എല്ലാം ആര്‍എസ്എസിന് കീഴിലാക്കുന്നു എന്നാണ് പ്രധാന വിമര്‍ശനം.

Tags:    

Similar News