വിദേശ ഫണ്ട് വകമാറ്റി: സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ സിബിഐ കേസ്

അഡ്വ. ആനന്ദ് ഗ്രോവര്‍, അഡ്വ. ഇന്ദിര ജയ്‌സിങ് എന്നിവര്‍ക്കെതിരേയാണ് സിബിഐ കേസെടുത്തത്.ആനന്ദ് ഗ്രോവറിന്റെ നേതൃത്വത്തിലുള്ള ലോയേഴ്‌സ് കളക്ടീവ് എന്ന സന്നദ്ധ സംഘടനയ്ക്ക് ലഭിച്ച വിദേശ പണം വകമാറ്റിയെന്നാണ് ആരോപണം.

Update: 2019-06-19 05:05 GMT

ന്യൂഡല്‍ഹി: വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തില്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ കേസെടുത്ത് സിബിഐ. അഡ്വ. ആനന്ദ് ഗ്രോവര്‍, അഡ്വ. ഇന്ദിര ജയ്‌സിങ് എന്നിവര്‍ക്കെതിരേയാണ് സിബിഐ കേസെടുത്തത്.ആനന്ദ് ഗ്രോവറിന്റെ നേതൃത്വത്തിലുള്ള ലോയേഴ്‌സ് കളക്ടീവ് എന്ന സന്നദ്ധ സംഘടനയ്ക്ക് ലഭിച്ച വിദേശ പണം വകമാറ്റിയെന്നാണ് ആരോപണം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയ അണ്ടര്‍ സെക്രട്ടറി അനില്‍കുമാര്‍ ദസ്മാനയാണ് ഇരുവര്‍ക്കുമെതിരേ പരാതി നല്‍കിയത്. വ്യാജരേഖ ചമക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും വിദേശ സംഭാവ നിയന്ത്രണ നിയമം 2010 പ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തി.

വിദേശ ഫണ്ടുകള്‍ എന്‍ജിഒ സംഘടനയുടെ ആവശ്യങ്ങള്‍ക്കല്ലാതെ വകമാറ്റി ചെലവഴിച്ചെന്നും സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റിയെന്നുമാണ് ആരോപണം. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് പരാതി നല്‍കുകയായിരുന്നു.

അതേസമയം, കേസെടുത്ത നടപടിക്കെതിരേ ലോയേഴ്‌സ് കളക്ടീവ് ഞെട്ടലും രോഷവും രേഖപ്പെടുത്തി. സംഘടനയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് 2016ല്‍ റദ്ദാക്കപ്പെട്ടതാണെന്നും എന്‍ജിഒ അധികൃതര്‍ സൂചിപ്പിച്ചു.

Tags:    

Similar News