ദര്‍ഗ പരിചാരകനെ ഉപദ്രവിച്ച ഹിന്ദുത്വരെ തടഞ്ഞ പോലിസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദുത്വരുടെ ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്നു മധ്യവയസ്‌കനെ രക്ഷിച്ച ആദര്‍ശ് നഗര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി പി ഭരദ്വാജിനെയാണ് ഡല്‍ഹി പോലിസ് 'ഡ്യൂട്ടി വീഴ്ച' ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്.

Update: 2021-08-13 14:40 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രമുഖ ദര്‍ഗയുടെ പരിചാരകനായ മുസ്‌ലിം മധ്യവയസ്‌കനെ ഉപദ്രവിക്കുന്നതില്‍നിന്നു ഹിന്ദുത്വരെ തടഞ്ഞ പോലിസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ഹിന്ദുത്വരുടെ ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്നു മധ്യവയസ്‌കനെ രക്ഷിച്ച ആദര്‍ശ് നഗര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി പി ഭരദ്വാജിനെയാണ് ഡല്‍ഹി പോലിസ് 'ഡ്യൂട്ടി വീഴ്ച' ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്.

കാവി വസ്ത്രധാരികളായ ആള്‍ക്കൂട്ടം മുസ്‌ലിം പുരുഷനെതിരേ ആക്രോശിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദര്‍ഗ നിയമവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വരുടെ ആക്രമണ ശ്രമം. ഇതിനിടെ ഇവിടെയെത്തിയ എസ്എച്ച്ഒ ഭരദ്വാജ് വിഷയത്തില്‍ ഇടപെടുകയും

മധ്യവയസ്‌കാനായ മുസ്‌ലിമിനെ ആക്രമിക്കുന്നതില്‍നിന്നു ഹിന്ദുത്വരെ തടയുകയുമായിരുന്നു. മതസ്ഥാപനങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഉചിതമായ സമിതിയെ സമപിക്കണമെന്നും അല്ലാതെ ആളുകളെ ആക്രമിക്കുകയല്ല വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് പോലിസ് ഉദ്യോഗസ്ഥന്‍ ഹിന്ദുത്വരുടെ ആള്‍കൂട്ട ആക്രമണത്തിന് തടയിട്ടത്.

'സുപ്രിം കോടതി വിധി അനുസരിച്ച്, ഡല്‍ഹി സര്‍ക്കാര്‍ അത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു മത സമിതി രൂപീകരിച്ചിട്ടുണ്ട്. തനിക്ക് വല്ല പരാതിയുമുണ്ടെങ്കില്‍ അത്തരം സമിതികളെ സമീപിക്കണമെന്നു' കൂട്ടത്തിലുള്ള കാവിവസ്ത്രധാരിയോട് പോലിസ് ഉദ്യോഗസ്ഥന്‍ പറയുന്നത് വീഡിയോയിലുണ്ട്.

'ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം പൊളിക്കുന്നതിനെക്കുറിച്ച്, നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന ഹിന്ദുത്വരുടെ ചോദ്യത്തിന് 'നിങ്ങള്‍ ഭരണഘടനാ സംവിധാനത്തെക്കുറിച്ച് സംസാരിക്കൂവെന്ന്' മുഖത്തുനോക്കി പറയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. 'നിങ്ങള്‍ ഒരു പൗരനേയും മതവിശ്വാസിയേയും ഇതുപോലെ ഭീഷണിപ്പെടുത്തരുത്. നിങ്ങള്‍ക്ക് അതിന് അവകാശമില്ല'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഡ്യൂട്ടിയിലെ വീഴ്ച' വരുത്തിയതിന് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹത്തിനെതിരെ നിരവധി പരാതികളുണ്ടെന്നും ഡല്‍ഹി പോലിസ് പറഞ്ഞു. ഭരദ്വാജിന്റെ സസ്‌പെന്‍ഷനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 'ഒരു ഹിന്ദുത്വ ഗുണ്ടയെ മുസ്‌ലിമിനെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് ധീരതയോടെ തടഞ്ഞ ഡല്‍ഹി പോലിസിലെ നേരുള്ള ഉദ്യോഗസ്ഥന്‍ സി പി ഭരദ്വാജിനെ ഓര്‍ക്കുക. അവനെ സസ്‌പെന്‍ഡ് ചെയ്തു! ഇങ്ങനെയാണ് ഇന്ത്യയില്‍ നിയമവാഴ്ച സ്ഥാപിക്കപ്പെടുന്നത്. സന്ദേശം വ്യക്തമാണ്' എന്നാണ് മുന്‍ ബിബിസി ജേര്‍ണലിസ്റ്റും ജനതാ കാ റിപ്പോര്‍ട്ടറുടെ സ്ഥാപകനുമായ റിഫാത് ജാവേദ് ട്വീറ്റ് ചെയ്തു.

Tags:    

Similar News