നവവധുവിന് മര്‍ദനമേറ്റ സംഭവം: പന്തീരാങ്കാവ് എസ് എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പരാതി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടി. പന്തീരാങ്കാവ് പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്റ് ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് ഉത്തരമേഖലാ ഐജി നടപടിയെടുത്തത്. വിവാഹം കഴിഞ്ഞ് ആറാം ദിവസം മകള്‍ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരമായി മര്‍ദനമേറ്റെന്ന പരാതിയുമായെത്തിയ തനിക്ക് മോശം അനുഭവമാണുണ്ടായതെന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. മകള്‍ മര്‍ദനമേറ്റ് അവശനിലയിലായിട്ടും പോലിസ് ഗാര്‍ഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്യുന്ന നടപടി ഒഴിവാക്കുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പോലിസ് സ്വീകരിച്ചതെന്ന് യുവതിയും കുടുംബവും ആരോപിച്ചിരുന്നു. ആദ്യം വധശ്രമം അടക്കം ചൂണ്ടിക്കാട്ടിയിട്ടും പ്രതിക്കെതിരേ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്നും ആരോപണമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസം വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍കൂടി ചുമത്തുകയും കേസന്വേഷണച്ചുമതല ഫറോക്ക് എസിപിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് 'സ്‌നേഹതീര'ത്തില്‍ രാഹുല്‍ പി ഗോപാലും(29) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായത്. രാഹുല്‍ ജര്‍മനിയില്‍ എന്‍ജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹാനന്തരച്ചടങ്ങിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് അന്നു തന്നെ യുവതിയെ ബന്ധുക്കള്‍ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും പരാതിപ്പെടുകയുമായിരുന്നു.