ന്യൂഡല്‍ഹി: രാജ്യസഭയില്‍ കൊവിഡ് മഹാമാരിയെ കുറിച്ചുള്ള ചര്‍ച്ച ഇന്ന് നടന്നേക്കും. കൊവിഡ് വ്യാപനത്തെ കുറിച്ച് പാര്‍ലമെന്റ് നടത്തുന്ന ആദ്യ ചര്‍ച്ചയായിരിക്കും ഇത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്ത രീതിക്കെതിരേ വലിയ വിമര്‍ശനമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. എന്നാല്‍ എത്ര സമയം കൊവിഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. ചുരുങ്ങിയത് നാല് മണിക്കൂര്‍ ചര്‍ച്ചയ്ക്കനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്തെഴുതി.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കിലുള്ള കുറവാണ് ഭരണപക്ഷം എടുത്തുകാട്ടാന്‍ ഉദ്ദേശിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ റിപോര്‍ട്ടുകള്‍ ക്രോഡീകരിച്ച ശേഷം രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ചെയര്‍മാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനവും നശിപ്പിച്ച, ത്രൈമാസ ജിഡിപി 23.8 ശതമാനമായി കുറയുകയും ചെയ്ത ഏറ്റവും പ്രധാനപ്പെട്ട വിഷയത്തില്‍ പ്രത്യേകവും പൂര്‍ണവുമായ ചര്‍ച്ച വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം.
കൊവിഡ് -19നെ കുറിച്ചും ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചും വിശകലനം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യസഭയിലെ ചര്‍ച്ചയില്‍ എന്തു കാര്യമാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് ചൊവ്വാഴ്ച നായിഡുവിന് എഴുതിയ കത്തില്‍ പറയുന്നു.
ആരോഗ്യമന്ത്രിമാരുടെ റിപോര്‍ട്ടും സംവാദവും വേറെ വേറെ അനുവദിക്കുകയാണെങ്കില്‍ അത് നേരത്തെ മന്ത്രിമാര്‍ നല്‍കിയ ഉറപ്പിന് കടകവിരുദ്ധമാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു.