കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ്; പഴയകാര്യങ്ങള്‍ പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി
കോട്ടയം: കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്ഡെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പഴയകാര്യങ്ങള്‍ പറയുന്നില്ല. അടുത്ത കാലത്ത് കോണ്‍ഗ്രസിലുണ്ടായ ചില കാര്യങ്ങളില്‍ ദുഖമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ട്. അടുത്ത കാലത്തുണ്ടായ കാര്യങ്ങളില്‍ ബുദ്ധിമുട്ടും വേദനയുമുണ്ട്. ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് താന്‍ യോജിക്കുന്നു. കോണ്‍ഗ്രസ് ജനാധിപത്യപ്രസ്ഥാനമാണ്. അവിടെ പ്രശ്നങ്ങളുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ടും മുന്‍കൈ എടുത്തതിനോട് സഹകരിക്കും. പഴയ കാര്യങ്ങള്‍ പറയുന്നില്ല. കോണ്‍ഗ്രസ് ഫസ്റ്റ്്, ഗ്രൂപ്പ് സെക്കന്ഡെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂടിക്കാഴ്ച്ച ശേഷം പ്രതികരിച്ചത്. ഏതെങ്കിലും തരത്തില്‍ നേതാക്കള്‍ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായി പരിഹരിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൂര്‍ണമായ ചുമതല തനിക്കും സുധാകരനുമുണ്ടെന്നും വിഡി സതീശന് പറഞ്ഞു. സിപിഎമ്മിലും ബിജെപിയിലും ഉള്‍പ്പെടെ പ്രശ്നങ്ങളുണ്ട്. കോണ്‍ഗ്രസില്‍ മാത്രമല്ല. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കളുമായി ഇനിയും കൂടികാഴ്ച്ച നടത്തുമെന്നും വിഡി സതീശന് പറഞ്ഞു. ആര്‍ക്കും ഒന്നിനും വിധേയപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതില്ലെന്നും വിഡി സതീശന് പറഞ്ഞു.