സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹരിക്കണം; അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്നും ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: വിഎം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി. സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വിഎം സുധീരനെ പോലെ ഒരു നേതാവ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ല. അദ്ദേഹം കമ്മിറ്റിയില്‍ തുടരേണ്ടതാണ്. എന്താണ് അദ്ദേഹത്തെ വേദനിപ്പിച്ച കാര്യമെന്ന് കണ്ടെത്തി പരിഹാരമുണ്ടാക്കണം. സുധീരന്‍ രാജി പിന്‍വലിക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെപിസിസി പുനസംഘടനാ ചര്‍ച്ച അന്തിമഘട്ടത്തിലെത്തി നില്‍ക്കെ സുധീരന്റെ അപ്രതീക്ഷിത രാജിയില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്.
നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ സുധീരനെ വീട്ടിലെത്തി കണ്ട് വിഡി സതീശന്‍ ക്ഷമചോദിച്ചു. നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരോടുള്ള കടുത്ത നിലപാട് മാറ്റി സംസ്ഥാന നേതൃത്വം അനുനയത്തിന് തയ്യാറായിട്ടും രക്ഷയില്ല. അനുനയനീക്കം തള്ളി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് സുധീരന്‍.
തെറ്റ് പറ്റിയെന്ന് സമ്മതിച്ചിട്ടും രാജിയുലറച്ച് നില്‍ക്കുകയാണ് സുധീരന്‍. പുനസംഘടനാ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയതില്‍ മാത്രമല്ല സുധീരന്റെ അതൃപ്തി. ദേശീയ നേതൃത്വം വേണ്ട പരിഗണന നല്‍കാത്തതിലും സുധീരന് പ്രതിഷേധമുണ്ട്.
രാജി ഏത് സാഹചര്യത്തിലായാലും പിന്‍വലിക്കാന്‍ വിഎം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കിയിരുന്നു.