ആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി

സിദ്ദുവിന്റെ ആരോഗ്യനില സംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കാന്‍ ഡോക്ടര്‍മാരുടെ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു

Update: 2022-05-23 07:27 GMT

ന്യൂഡല്‍ഹി:വാഹനാപകട കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസങ്ങളില്‍ സിദ്ദു ആഹാരം ഉപേക്ഷിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം സിദ്ദുവിന്റെ ആരോഗ്യനില സംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കാന്‍ ഡോക്ടര്‍മാരുടെ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു.സിദ്ദു കോടതിയില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.സിദ്ധുവിന്റെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുടെ സംഘം തിങ്കളാഴ്ച പട്യാല കോടതിയില്‍ റിപോര്‍ട്ട് നല്‍കും.

നവജ്യോത് സിങ് സിദ്ദുവിനെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത് സുപ്രിംകോടതിയാണ്. മൂപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ അടിപിടിക്കേസില്‍ ഒരാള്‍ മരിച്ച സംഭവത്തിലാണ് ശിക്ഷ. ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരയുടെ കുടുംബം നല്‍കിയ പുനപരിശോധനാ ഹരജിയിലാണ് സുപ്രിംകോടതി വിധി വന്നത്.

1988 ഡിസംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം.പാട്യാല സ്വദേശിയായ ഗുര്‍നാം സിങിനെ സിദ്ദു തലക്ക് അടിച്ച് കൊന്നു എന്നായിരുന്നു കേസ്.വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയില്‍ ഗുര്‍നാംസിങ് മരണപ്പെടുകയുമായിരുന്നു.എന്നാല്‍ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്.

1999ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു.2018 മേയ് 15ന് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സിദ്ദുവിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച് കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി.തുടര്‍ന്ന് കേസ് സുപ്രിംകോടതിയില്‍ എത്തുകയും, സുപ്രിംകോടതി ശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.സുപ്രിംകോടതി 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കി ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെ ഗുരുനാം സിങിന്റെ കുടുംബമാണ് പുനപരിശോധന ഹരജി നല്‍കിയത്.

Tags:    

Similar News