കോണ്‍ഗ്രസിന്റെ ചെലവില്‍ ആരും മോദിയെ സ്തുതിക്കേണ്ട; തരൂരിനെ തള്ളി മുരളീധരനും
കോഴിക്കോട്: കോണ്‍ഗ്രസിന്റെ ചെലവില്‍ ആരും മോദിയെ സ്തുതിക്കേണ്ടതില്ലെന്ന് കെ മുരളീധരന് എംപി. മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.മോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശും മനു അഭിഷേക് സിങ്വിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ പഴയ നിലപാട് ശരിയായിരുന്നുവെന്ന വാദവുമായി ശശി തരൂരും രംഗത്തെത്തിയത്. മോദി ചെയ്യുന്നത് നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ആരുപറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ച വെക്കാനാകില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താല്‍ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നും ചെന്നിത്തല പറഞ്ഞു.