ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം വിജയത്തിലേക്ക്

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്‌

Update: 2024-10-08 10:20 GMT

ശ്രീനഗര്‍: ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ നടന്ന ആകെയുള്ള 90 സീറ്റുകളില്‍ നിലവില്‍ സഖ്യം 24 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു. ബിജെപി അഞ്ചു സീറ്റുകളിലും വിജയിച്ചു. മൂന്നു സീറ്റുകള്‍ സ്വതന്ത്രര്‍ സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാത്ത ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് സഖ്യമാണ് ലീഡ് ചെയ്യുന്നത്.

മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി തുടര്‍ച്ചയായ അഞ്ചാം തവണ കുല്‍ഗാം സീറ്റില്‍ വിജയിച്ചു. ചെനാനി, ഉദ്ധംപൂര്‍ ഈസ്റ്റ്, ബില്ലാവര്‍, ബസോഹി, ജമ്മു വെസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്.

നൗഷറ സീറ്റില്‍ ബിജെപി ജമ്മുകശ്മീര്‍ സംസ്ഥാന പ്രസിഡന്റ് രവീന്ദ്രര്‍ റൈന നാഷണല്‍ കോണ്‍ഫറന്‍സിന്റെ സുരീന്ദര്‍ ചൗധുരിയോട് 7819 വോട്ടിന് പരാജയപ്പെട്ടു. ബനിയിലെ സിറ്റിങ് എംഎല്‍എയായ ബിജെപി നേതാവ് ജെവാന്‍ ലാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ.രാമേശ്വര്‍ സിങ്ങിനോട് ഏറ്റുമുട്ടി 2048 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സുരാന്‍കോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷാനവാസിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ചൗധുരി മുഹമ്മദ് അക്രം പരാജയപ്പെടുത്തി. കത്‌വ ഉള്‍പ്പെടുന്ന ബസോഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും വിജയിച്ചു.

പത്ത് വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നുഘട്ടമായാണ് പോളിങ് നടന്നത്. 2019ല്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനപദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇതെന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചന നല്‍കുന്നു.

കശ്മീരിലെ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റും ഹാന്‍ഡ്‌വാരയിലെ സ്ഥാനാര്‍ത്ഥിയുമായ സജാദ് ഗനി ലോണ്‍ ആവശ്യപ്പെട്ടു.'' പ്രദേശത്തിന് സംസ്ഥാനപദവി തിരികെ നല്‍കണം. കൂടാതെ ജനങ്ങളെ ശാന്തിയില്‍ ജീവിക്കാന്‍ അനുവദിക്കുകയും വേണം.'' ലോണ്‍ ആവശ്യപ്പെട്ടു.

വന്‍വിജയത്തിലേക്ക് കുതിക്കുന്ന കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തെ പിഡിപി നേതാവ് മഹ്ബൂബ മുഫ്തി അഭിനന്ദിച്ചു. ''നല്ല പ്രകടനമാണ് സഖ്യം കാഴ്ച്ചവെച്ചിരിക്കുന്നത്. സ്ഥിരതയുള്ള സര്‍ക്കാരിനെ തിരഞ്ഞെടുത്തതിന് ജനങ്ങളെ അഭിനന്ദിക്കുന്നു.'' മഹ്ബൂബ പറഞ്ഞു.

Tags:    

Similar News