കോഴിക്കോട്: കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക മ്യൂസിയത്തിന്റെ സംരക്ഷണ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ പതിമൂന്നര ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുഞ്ഞാലിമരയ്ക്കാന്‍മാരുടെ ജീവത്യാഗം വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ശക്തമായ പോരാട്ടങ്ങളിലൂടെ നാടിന്റെ മേല്‍ അധികാരം സ്ഥാപിക്കാനുള്ള പോര്‍ച്ചുഗീസുകാരുടെ ശ്രമങ്ങളെയാണ് കുഞ്ഞാലി മരക്കാന്മാര്‍ പരാജയപ്പെടുത്തിയത്. ഇന്ത്യയിലെ കോളനിവല്‍ക്കരണത്തിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ അതിനെതിരെ ധീരമായ ചെറുത്തുനില്പുകള്‍ക്ക് നേതൃത്വം നല്‍കിയ പാരമ്പര്യം കുഞ്ഞാലി മരക്കാന്മാര്‍ക്ക് മാത്രമാണ് അവകാശപ്പെടാനാവുകയെന്നും മന്ത്രി പറഞ്ഞു.
പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക മ്യൂസിയത്തില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ചരിത്രകാരന്‍ ഡോ.എം.ആര്‍ രാഘവവാരിയര്‍ നിര്‍വഹിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍ അധ്യക്ഷത വഹിച്ചു.