ഗൂഢാലോചന കേസ്;സ്വപ്‌ന സുരേഷിന്റെ ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി
കൊച്ചി:ഗൂഢാലോചന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വര്‍ണ കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലില്‍ തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്ന് കാട്ടി മുന്‍ മന്ത്രി കെ ടി ജലീലാണ് പരാതി നല്‍കിയത്.രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കന്റോണ്‍മെന്റ് പോലിസില്‍ ജലീല്‍ നല്‍കിയ പരാതിയെന്നും,ചെയ്ത കുറ്റത്തെക്കുറിച്ച വസ്തുതകള്‍ വെളിപ്പെടുത്തുന്നത് തടയാനാണ് ശ്രമമെന്നും സ്വപ്നയുടെ ഹരജിയില്‍ പറയുന്നു.
ഗൂഢാലോചന, കലാപമുണ്ടാക്കാന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സ്വപ്നക്കെതിരേ പോലിസ് കേസെടുത്തത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചത് കൊണ്ടോ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയതുകൊണ്ടോ ഇങ്ങനെയൊരു കുറ്റം ചുമത്താനാവില്ലെന്നും പറഞ്ഞു.ഹരജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.