കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയ പരാമര്‍ശങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തളിപ്പറമ്പ് കോടതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്. ഐപിസി 120 ബി, 500 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. മാര്‍ച്ച് മാസം പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിന്നു. സ്വപ്ന ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരിന്നു നോട്ടീസിലെ ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരിന്നു. സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും അഡ്വ. നിക്കോളാസ് ജോസഫ് മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിന്നു.