എംവി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്; സ്വപ്ന സുരേഷിന് ജാമ്യം; കേസ് ഈ മാസം 26 ലേക്ക് മാറ്റി
കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല.
പിന്നീട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഹാജരായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദന്‍ വാഗ്ദാനം ചെയ്‌തെന്നായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദന്‍ കോടതിയെ സമീപിച്ചത്. സ്വപ്നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലിസും കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.