ചമ്രവട്ടം പാതയില്‍ ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം : സൗഹ്യദ വേദി

Update: 2021-01-29 08:50 GMT

തിരുര്‍ :കോഴിക്കോട് തിരൂര്‍ ചമ്രവട്ടം പാതയില്‍ കണ്ടയ്‌നര്‍ ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെ മുഴുവന്‍ ചരക്ക് ലോറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തിരൂര്‍ സൗഹ്യദ വേദി ആവശ്യപ്പെട്ടു. ദേശീയ പാതയിലൂടെ മാത്രം പോവേണ്ട നൂറുകണക്കിന് ചരക്ക് ലോറികളാണ് ഇന്ധന ലാഭത്തിന്റെയും, സമയ ലാഭത്തിന്റെയും പേരില്‍ ഇതിലൂടെ കടന്നു പോവുന്നത്. കോഴിക്കോട് എറണാകുളം കെഎസ്ആര്‍ടിസി ഉള്‍പ്പെടെ മുഴുവന്‍ യാത്രാ വണ്ടികള്‍ക്കും ഇതിലൂടെ സര്‍വീസ് നടത്താന്‍ അനുമതി ഉണ്ടെന്നിരിക്കെ ട്രാഫിക് നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് ടണ്‍ കണക്കിന് ഭാരമുള്ളതും, വലുപ്പമുള്ളതുമായ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഇത് വീതി കുറഞ്ഞതും, ജംഗ്ഷനുകള്‍ ഏറെയുമുള്ള ഈ റൂട്ടില്‍ അപകട സാധ്യതക്ക് ആക്കം കൂട്ടുകയും, വന്‍ ഗതാഗത സ്തംഭനത്തിന് കാരണമാവുകയും ചെയ്യുന്നതായി സൗഹ്യദ വേദി സൂചിപ്പിച്ചു.


ബി പി അങ്ങാടി മുതല്‍ പൊന്നാനി വരെ ഇടുങ്ങിയതും, ഊരാക്കുടുക്ക് നിറഞ്ഞതുമായ പാത വീതി കൂട്ടി സുഗമമായ സഞ്ചാരസ്വാതന്ത്രം ഉറപ്പുവരുത്തണമെന്നും സൗഹൃദ വേദി പ്രസിഡണ്ട് സേല്‍ട്ടി തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അധികൃതരോട് അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ചു ചേര്‍ന്ന അടിയന്തിര യോഗത്തില്‍ കെ.പി ഒ റഹ്മത്തുല്ല , മുനീര്‍ കുറുമ്പടി, അശോകന്‍ വയ്യാട്ട്, പി, പി അബ്ദുറഹിമാന്‍, നാലകത്ത് ഷംസുദ്ദീന്‍, സി വി ബഷീര്‍, ടി ശബീറലി, മുജീബ് താനാളൂര്‍, അബ്ദുല്‍ ബാരി തുടങ്ങിയവര്‍ സംസാരിച്ചു




Tags:    

Similar News