വിവാദങ്ങള്‍ അതിന്റെ വഴിക്കുപോകും: രാഷ്ട്രീയ തീരുമാനം മാറ്റിയത് സാഹചര്യങ്ങള്‍ മാറിയതിനാലെന്ന് ഫിറോസ് കുന്നംപറമ്പില്‍

വ്യക്തിപരമായിട്ട് ഒരാളെ ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ താത്പര്യമില്ലെന്ന് എതിര്‍ സ്ഥാനാര്‍ഥിയായ കെ ടി ജലീലിനെ സൂചിപ്പിച്ച് ഫിറോസ് പറഞ്ഞു

Update: 2021-03-19 05:46 GMT
മലപ്പുറം: സോഷ്യല്‍ മീഡിയ ചാരിറ്റി എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ലെന്നും അതിന് പരിഹാരമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ചാരിറ്റി പ്രവര്‍ത്തകനും തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഫിറോസ് കുന്നംപറമ്പില്‍. സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്‌സ്ബുക്കോ സര്‍ക്കാരോ ഇത്തരം അക്കൗണ്ടുകള്‍ വേണ്ടെന്ന് വച്ചാല്‍ ആ ചാരിറ്റി പ്രവര്‍ത്തനം അവസാനിക്കും. അതുകൊണ്ട് തന്നെ അതിന് ഒരു പരിഹാരം കണ്ടെത്തണം. അതിന്റെ ഭാഗമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഫിറോസ് പറഞ്ഞു.


വിവാദങ്ങള്‍ ശ്രദ്ധിക്കാറേയില്ലെന്നും അത് അതിന്റെ വഴിക്ക് പോകുമെന്നും ഫിറോസ് പറഞ്ഞു. മുമ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതൊക്കെ ഓരോ സാഹചര്യമാണ്. അന്ന് പറഞ്ഞ സാഹചര്യമല്ല ഇപ്പോഴുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തവനൂര്‍ മണ്ഡലത്തില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. മത്സരിക്കാനില്ല എന്നല്ല ഞാന്‍ പറഞ്ഞത്. മറ്റാരെങ്കിലും ഈ സീറ്റില്‍ പരിഗണനയില്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ പരിഗണിക്കണം. ശേഷം മാത്രമേ എന്നിലേക്ക് വന്നാല്‍ മതി എന്നാണ് പറഞ്ഞത്. എന്നാല്‍ ആരും പരിഗണനയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതോടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഫിറോസ് വ്യക്തമാക്കി.


വ്യക്തിപരമായിട്ട് ഒരാളെ ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ താത്പര്യമില്ലെന്ന് എതിര്‍ സ്ഥാനാര്‍ഥിയായ കെ ടി ജലീലിനെ സൂചിപ്പിച്ച് ഫിറോസ് പറഞ്ഞു. അതിലേക്ക് കടക്കുകയുമില്ല. ജലീലിനെതിരാണെങ്കിലും ആരുടെ പേരിലാണെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാത്ത ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കാറില്ല. അദ്ദേഹം ചെയ്ത കാര്യങ്ങളും ഞാന്‍ ചെയ്ത കാര്യങ്ങളും ജനം വിലയിരുത്തും - ഫിറോസ് പറഞ്ഞു. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത വ്യക്തയാണ് താനെന്നും മണ്ഡലത്തിലെ ജനങ്ങള്‍ രാഷ്ട്രീയഭേദമന്യേ ഇഷ്ടം കാണിക്കുന്നുണ്ടെന്നും അത് ആദ്യ ദിവസങ്ങളില്‍ തന്നെ വ്യക്തമായിട്ടുണ്ടെന്നും ഫിറോസ് സൂചിപ്പിച്ചു.




Tags:    

Similar News