സി എച്ച് സെന്റര്‍ കെ വി എ ഗഫൂര്‍ പുരസ്‌കാരം ഫിറോസ് കുന്നംപറമ്പിലിന്
ആതുരസേവന മേഖലയില്‍ സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇടപെടലുകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിലുടനീളം അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്.
ജിദ്ദ: വെട്ടുപാറ സി എച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് കെ വി എ ഗഫൂര്‍ പുരസ്‌കാരം ഫിറോസ് കുന്നംപറമ്പിലിന് നല്‍കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ആതുരസേവന മേഖലയില്‍ സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇടപെടലുകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിലുടനീളം അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്. നിരാലംബരും നിര്‍ധനരുമായ നിരവധി രോഗികള്‍ക്കും ആശ്രിതര്‍ക്കും അവരുടെ സമീപത്തുചെന്ന് ലൈവ് വീഡിയോ ചെയ്തു സുതാര്യമായി നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇ ടി മുഹമ്മദ് ബഷീര്‍ എംപി ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞടുത്തത്. കൊണ്ടോട്ടി മണ്ഡലം എംഎല്‍എ ടി വി ഇബ്രാഹിം, സൗദി നാഷനല്‍ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ഏപ്രില്‍ രണ്ടാംവാരം സി എച്ച് സെന്റര്‍ നാലാമത് വാര്‍ഷിക പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും. ചീക്കോട് പഞ്ചായത്ത് കെഎംസിസി നാളെ ജിദ്ദ ലക്കി ദര്‍ബാറില്‍ കെ വി എ ഗഫൂറിന്റെയും നാസര്‍ വാവൂരിന്റെയും പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.
അബൂബക്കര്‍ അരിമ്പ്ര വളിയാങ്കോട്, രാഈന്‍കുട്ടി നീറാട്, ശരീഫ് കൊട്ടപ്പുറം എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സൗദി നാഷനല്‍ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, വെട്ടുപാറ സി എച്ച് സെന്റര്‍ കണ്‍വീനര്‍ അന്‍വര്‍ വെട്ടുപാറ, പ്രസിഡന്റ് കെ എം എ ജബ്ബാര്‍, ചീക്കോട് പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് സലിം വാവൂര്‍, സെക്രട്ടറി ലത്തീഫ് പൊന്നാട്, കെ വി നാസര്‍, കെ കെ ജബ്ബാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.